ബത്ത' (Baththa)
'ബത്ത' (Baththa)
സിനിമകൾ പലപ്പോഴും വിനോദം നൽകാനാണ് തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ അപൂർവം ചില ചിത്രങ്ങൾ മാത്രമാണ് തിയേറ്റർ വിട്ടിറങ്ങിയാലും നമ്മെ പിന്തുടരുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. ബാലാജി തരണീധരന്റെ സംവിധാനത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ 'ബത്ത' (Baththa) അത്തരത്തിലൊരു അനുഭവമാണ്.
ബാഹ്യലോകത്ത് ഭയവും ക്രൂരതയും മാത്രം വച്ചുപുലർത്തുന്ന ഒരു മനുഷ്യൻ്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ചിത്രം നമ്മെ പ്രേരിപ്പിക്കുന്നു. ആൾക്കൂട്ടത്തിനിടയിൽ ജീവിക്കുമ്പോഴും തനിച്ചാകുന്ന നിമിഷങ്ങളിലാണ് പലരും സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.
റിയലൈസേഷൻ അഥവാ തിരിച്ചറിവ്
മനുഷ്യജീവിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് ഏതെങ്കിലും വലിയ ഉപദേശങ്ങൾ കേൾക്കുമ്പോഴല്ല, മറിച്ച് തിരിച്ചറിവുകൾ (Realisation) ഉണ്ടാകുമ്പോഴാണ്.
ഒരുനാൾ എല്ലാം അവസാനിക്കും എന്ന തിരിച്ചറിവിൽ എത്തുമ്പോഴാണ് നമ്മൾ നമ്മളോടൊപ്പം നിന്നവരെയും നമുക്കു വേണ്ടി ജീവിക്കുന്നവരെയും ഒക്കെ ഓർക്കാൻ തുടങ്ങുന്നത്. ആ അവസാന നിമിഷങ്ങളിൽ, ഹൃദയത്തിൽ സ്നേഹമുള്ളവരുടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണീരു പൊടിയും.
ജീവിതത്തിൽ നാം ഓടിത്തീർക്കുന്ന മത്സരങ്ങൾക്കും കൈക്കലാക്കുന്ന അധികാരങ്ങൾക്കും അപ്പുറം ഒടുവിൽ ബാക്കിയാകുന്നത് സ്നേഹവും നമ്മൾ മറ്റുള്ളവർക്ക് നൽകിയ ഓർമ്മകളും മാത്രമാണ്. ആ തിരിച്ചറിവിലേക്ക് കഥാപാത്രത്തെയും പ്രേക്ഷകനെയും ഒരുപോലെ കൂട്ടിക്കൊണ്ടുപോകാൻ ബാലാജി തരണീധരന്റെ മികച്ച മേക്കിംഗിന് സാധിച്ചിട്ടുണ്ട്.
ചിത്രത്തിൽ വിജയ് സേതുപതിയുടെ കഥാപാത്രത്തോടൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സ് കവരുന്നത് കേന്ദ്ര കഥാപാത്രമായ കൊച്ചുകുട്ടിയെ അവതരിപ്പിച്ച മാസ്റ്റർ സായ് പൃഥ്വിരാജിന്റെ പ്രകടനമാണ്. ഒരു കുട്ടിയുടെ ഭയവും നിഷ്കളങ്കതയും ഉത്തരവാദിത്തബോധവുമെല്ലാം യാതൊരു കൃത്രിമത്വവുമില്ലാതെ വളരെ സ്വാഭാവികമായാണ് അവൻ സ്ക്രീനിൽ എത്തിച്ചത്.
വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ഭാര്യയായി കന്നിമ എന്ന വേഷം ചെയ്ത ലിജോമോൾ ജോസിന്റെ അഭിനയവും ഏറെ ശ്രദ്ധേയമാണ്. റൗഡിയായ ഭർത്താവിന്റെ പേടിപ്പെടുത്തുന്ന സ്വഭാവങ്ങൾക്കിടയിലും കുടുംബത്തോടുള്ള സ്നേഹവും ആശങ്കകളും ഒരേപോലെ പ്രകടിപ്പിച്ചുകൊണ്ട് എപ്പോഴും ഭർത്താവിനൊപ്പം നിൽക്കുന്ന ഭാര്യയുടെ വേഷം അവൾ വളരെ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചത്.
ചിത്രത്തിൽ വിജയ് സേതുപതിയുടെ കഥാപാത്രം ഒരു ഘട്ടത്തിൽ പാട്ടുപാടുന്ന രംഗങ്ങളും അതിന് പിന്നിലെ കാരണങ്ങളും പ്രേക്ഷകരിൽ കൗതുകവും ചിന്തിപ്പിക്കുന്നതുമാണ് . കൂടാതെ, ചിത്രത്തിലെ സംഗീതവും പശ്ചാത്തല സംഗീതവും രംഗങ്ങളോട് ചേർന്നുനിൽക്കുന്നതും കേൾക്കാൻ ഏറെ ഇമ്പമുള്ളതുമായിരുന്നു. കഥയുടെ വൈകാരികത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംഗീതം വലിയ പങ്കുവഹിച്ചു.
സിനിമയുടെ അവസാന രംഗമാകട്ടെ, എല്ലാ സംഘർഷങ്ങൾക്കും വിരാമമിട്ട് കഥാപാത്രങ്ങളുടെ ഉള്ളിലെ സ്നേഹവും പശ്ചാത്താപവും തിരിച്ചറിവുകളും പ്രേക്ഷകരുടെ ഉള്ളിൽ എത്തിക്കുന്ന രീതിയിലാണ് സംവിധായകൻ മനോഹരമായി ഉപസംഹരിച്ചത്.
വെറുമൊരു ചിത്രത്തിനപ്പുറം മനസ്സിനെ സ്പർശിക്കുന്ന അനുഭവവും മനോഹരമായ സംഗീതവും സമ്മാനിക്കുന്ന 'ബത്ത' തീർച്ചയായും കണ്ടിരിക്കേണ്ട (Must Watch) ഒരു ചിത്രമാണ്.
🖋️മണക്കാടൻ
#BaThaTha #vijaysethupathi #cinema
Comments
Post a Comment