വിസ്മൃതിയിലെ മധുരം
വിസ്മൃതിയിലെ മധുരം "ടോക്കൺ നമ്പർ 18..." ഹോസ്പിറ്റലിലെ ഫാർമസി കൗണ്ടറിൽ നിന്നുള്ള വിളി കേട്ടതും, ചിന്തകളിൽ നിന്നുണർന്ന് ഞാൻ ചെന്ന് മരുന്നുകൾ വാങ്ങി. അച്ഛനെ മെല്ലെ താങ്ങിപ്പിടിച്ച് ആശുപത്രിയുടെ പടികളിറങ്ങി കാറിൽ കയറ്റി. വീടിന്റെ വഴിയിലേക്ക് കാർ തിരിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടപ്പോൾ അച്ഛൻ മെല്ലെ പറഞ്ഞു: "മോനേ, എവിടെയെങ്കിലും ഒന്ന് നിർത്താമോ? ഒരു ചായ കുടിക്കണം, കൂടെ ഒരു ബോണ്ടയും.." അച്ഛന്റെ ആ ആഗ്രഹം കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. സാധാരണ പുറത്തുനിന്നൊന്നും കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. ഞാൻ നല്ലൊരു കട നോക്കി കാർ ഒതുക്കി. രണ്ട് ചായയും ബോണ്ടയും വാങ്ങി ഒന്ന് അച്ഛന്റെ കൈയിൽ കൊടുത്തു, ഒന്ന് ഞാനും എടുത്തു. ആ ബോണ്ടയിൽ നിന്നൊരു കടി കടിച്ചു വിഴുങ്ങിയതും, എന്റെ മനസ്സ് വിസ്മൃതിയിലേക്ക് മറഞ്ഞുപോയ പഴയൊരു കാലത്തേക്ക്, ഒരു ടൈം മെഷീനിലെപോലെ സഞ്ചരിച്ചു. വർഷങ്ങൾക്ക് പിന്നിലെ ആ പഴയ കാലം. അന്നൊക്കെ ചായയും ബോണ്ടയും കഴിക്കാൻ വേണ്ടി മാത്രം ഞാൻ കാത്തിരുന്നിട്ടുണ്ട്. അച്ഛൻ എല്ലാ മാസവും കോട്ടയം ചന്തയിൽ റബ്ബർ ഷീറ്റ് വിൽക്കാൻ പോകുന്ന ദിവസം. അന്നെനിക്ക് അതൊരു യാത്രയല്ല, വലിയൊരു ഉത്സവ...