വിസ്മൃതിയിലെ മധുരം
വിസ്മൃതിയിലെ മധുരം
"ടോക്കൺ നമ്പർ 18..."
ഹോസ്പിറ്റലിലെ ഫാർമസി കൗണ്ടറിൽ നിന്നുള്ള വിളി കേട്ടതും, ചിന്തകളിൽ നിന്നുണർന്ന് ഞാൻ ചെന്ന് മരുന്നുകൾ വാങ്ങി. അച്ഛനെ മെല്ലെ താങ്ങിപ്പിടിച്ച് ആശുപത്രിയുടെ പടികളിറങ്ങി കാറിൽ കയറ്റി. വീടിന്റെ വഴിയിലേക്ക് കാർ തിരിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടപ്പോൾ അച്ഛൻ മെല്ലെ പറഞ്ഞു:
"മോനേ, എവിടെയെങ്കിലും ഒന്ന് നിർത്താമോ? ഒരു ചായ കുടിക്കണം, കൂടെ ഒരു ബോണ്ടയും.."
അച്ഛന്റെ ആ ആഗ്രഹം കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. സാധാരണ പുറത്തുനിന്നൊന്നും കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. ഞാൻ നല്ലൊരു കട നോക്കി കാർ ഒതുക്കി. രണ്ട് ചായയും ബോണ്ടയും വാങ്ങി ഒന്ന് അച്ഛന്റെ കൈയിൽ കൊടുത്തു, ഒന്ന് ഞാനും എടുത്തു.
ആ ബോണ്ടയിൽ നിന്നൊരു കടി കടിച്ചു വിഴുങ്ങിയതും, എന്റെ മനസ്സ് വിസ്മൃതിയിലേക്ക് മറഞ്ഞുപോയ പഴയൊരു കാലത്തേക്ക്, ഒരു ടൈം മെഷീനിലെപോലെ സഞ്ചരിച്ചു.
വർഷങ്ങൾക്ക് പിന്നിലെ ആ പഴയ കാലം. അന്നൊക്കെ ചായയും ബോണ്ടയും കഴിക്കാൻ വേണ്ടി മാത്രം ഞാൻ കാത്തിരുന്നിട്ടുണ്ട്. അച്ഛൻ എല്ലാ മാസവും കോട്ടയം ചന്തയിൽ റബ്ബർ ഷീറ്റ് വിൽക്കാൻ പോകുന്ന ദിവസം. അന്നെനിക്ക് അതൊരു യാത്രയല്ല, വലിയൊരു ഉത്സവമാണ്.
തലേദിവസം തന്നെ വീട് ഉണരും. അമ്മ പിറ്റേന്ന് ചന്തയിൽ നിന്നും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അച്ഛനെ ഏൽപ്പിക്കും. അതിരാവിലെ അച്ഛൻ എഴുന്നേൽക്കുമ്പോൾ ഞാനും കൂടെ ചാടിയെഴുന്നേൽക്കും. പറമ്പിൽ പോയി റബ്ബർ വെട്ടി, നേരത്തെ ഉണക്കിവെച്ച ഷീറ്റുകളെല്ലാം ചാക്കിലാക്കി അച്ഛൻ സൈക്കിളിന്റെ പുറകിൽ കെട്ടിവെക്കും. പിന്നെ മുന്നിലെ ബാറിൽ എന്നെയും ഇരുത്തി അച്ഛൻ ചവിട്ടുമ്പോൾ, രാജാവിനെപ്പോലെ ഞാൻ ഇരിക്കും.
ഞങ്ങളെ യാത്രയാക്കാൻ 'കൈസർ' എന്ന ഞങ്ങളുടെ നായക്കുട്ടിയും കൂടെയുണ്ടാകും. മെയിൻ റോഡ് വരെ അവൻ സൈക്കിളിന് പുറകെ ഓടി വരും. അവന് വരാവുന്ന അതിർത്തി അതാണ്. ഞങ്ങൾ റോഡിൽ കയറി കാഴ്ചയിൽ നിന്നും മായുന്നതുവരെ അവൻ അവിടെ വാലാട്ടി നിൽക്കുന്നുണ്ടാകും.
പിന്നീട് അങ്ങോട്ട് കാഴ്ചകളുടെ പൂരമാണ്. ചന്തയിലെത്തുമ്പോൾ അച്ഛന് അവിടെ എല്ലാവരെയും പരിചയമാണ്. എല്ലാവരോടും കുശലം പറഞ്ഞ്, അമ്മ ഏൽപ്പിച്ച ലിസ്റ്റിലെ സാധനങ്ങൾ വാങ്ങും. ഇതിനിടയിൽ ചില സാധനങ്ങളുടെ വില മാത്രം അച്ഛൻ ചോദിച്ചറിയും, പക്ഷെ വാങ്ങില്ല. കയ്യിലുള്ള പണം തികയില്ലെന്നുള്ളതുകൊണ്ട്, "പിന്നെയാവാം" എന്നൊരു ചിരിയോടെ അത് വേണ്ടെന്ന് വെക്കും.
സാധനങ്ങളെല്ലാം വാങ്ങി ചാക്കിലാക്കി സൈക്കിളിൽ കെട്ടിവെച്ച ശേഷം, അച്ഛൻ എന്നെയും കൂട്ടി മാർക്കറ്റിന്റെ സൈഡിലുള്ള ഭാസ്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് കയറും. അവിടം സ്വർഗ്ഗമാണ്!
ചില്ലുകൂട്ടിലെ പലഹാരങ്ങൾ കണ്ട് എന്റെ കണ്ണുകൾ തിളങ്ങും. ഇന്നത്തെപ്പോലെ വായു നിറച്ച ബോണ്ടയല്ല അത്, നല്ല വലിപ്പമുള്ള, ഉരുണ്ട ബോണ്ട. അച്ഛൻ രണ്ട് "സ്ട്രോങ്ങ്" ചായ പറയും കൂടെ രണ്ട് ബോണ്ടയും . ആ ബോണ്ടയൊരെണ്ണം കഴിച്ചാൽ മതി വയറും മനസും നിറയാൻ. ആ രുചിക്ക് വേണ്ടിയാണ് ഒരു മാസം മുഴുവൻ ഞാൻ കാത്തിരുന്നിരുന്നത്. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം.
പോകാൻ നേരം അച്ഛൻ രണ്ട് ബോണ്ട പാർസൽ വാങ്ങും - അമ്മയ്ക്ക്. തിരികെ വീട്ടിലെത്തുമ്പോൾ നേരം സന്ധ്യയാകും. ഉമ്മറത്ത് അമ്മയും കൈസറും കാത്തുനിൽപ്പുണ്ടാകും. അച്ഛൻ കൊണ്ടുവരുന്ന സാധനങ്ങൾ വേണം അന്ന് അടുക്കളയിൽ തീ പുകയാൻ. പിന്നെ അങ്ങോട്ട് വീട്ടിൽ ആഘോഷമാണ്.
ഓർമ്മകളിൽ നിന്ന് ഞാൻ തിരികെ വർത്തമാനകാലത്തേക്ക് വന്നു.
കൈയിലിരിക്കുന്ന ബോണ്ടയിലേക്ക് നോക്കി. അന്നത്തെ ആ രുചിയും വലിപ്പവും ഇന്നില്ല. എങ്കിലും, അത് നൽകിയ ഓർമ്മകൾക്ക് മധുരമേറെയായിരുന്നു.
പഴയ ആ അച്ഛനും മകനും, ഇന്നത്തെ ഞാനും അച്ഛനും തമ്മിലുള്ള ദൂരം ഒരു നെടുവീർപ്പിലൊതുക്കി, എല്ലാം കാലത്തിന്റെ വികൃതി എന്ന് സമാധാനിച്ച് ഞാൻ കാർ മുന്നോട്ട് എടുത്തു.
🖋️മണക്കാടൻ
Story Credit goes to Ajumon.
Comments
Post a Comment