ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 3

​കടക്കാരൻ കാണിച്ചുതന്ന വഴിയേ നടന്നു നീങ്ങുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല, തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു വലിയ അധ്യായം അവിടെ ആരംഭിക്കുകയാണെന്ന്. വിജനമായ വഴികൾ. വീടുകൾ തമ്മിൽ വലിയ അകലമുണ്ട്.

​പെട്ടെന്നാണ് അവന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്. ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് അവൻ കാൾ എടുത്തു.

"Comrade Ajesh calling..."
​"ഹലോ..." 

മറുതലയ്ക്കൽ നിന്നും അജേഷിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ടു.
"സ്റ്റാലിനെ, നീ ഇത് എവിടാ? നിന്നെ ഞാൻ രാവിലെ മുതൽ വിളിക്കുന്നതാണല്ലോ... കിട്ടുന്നുണ്ടായിരുന്നില്ലല്ലോ..."

​സ്റ്റാലിൻ ഫോൺ ചെവിയോട് ചേർത്തുപിടിച്ചു.
"എടാ... ഇവിടെ ഒട്ടും റേഞ്ച് ഇല്ല. ഞാൻ ബാലുവിന്റെ വീട് തപ്പി ഇറങ്ങിയതാ... അവനെ കുറേ നാളായിട്ട് കോളേജിൽ കാണാനില്ല, ഫോണും സ്വിച്ച് ഓഫ്. അതാ അന്വേഷിച്ചു വന്നത്."

​"എന്നിട്ട് നീ അവിടെ എത്തിയോ? അവിടെ..."
പെട്ടെന്ന് ശബ്ദം മുറിഞ്ഞു.

"ഹലോ... അജേഷേ... കേൾക്കാമോ?"
ഫോണിൽ നിന്നും ബീപ്... ബീപ്... ശബ്ദം മാത്രം. റേഞ്ച് പൂർണ്ണമായും പോയിരിക്കുന്നു.
​അവൻ ഫോൺ തിരികെ പോക്കറ്റിലിട്ട് നടത്തം തുടർന്നു.

 കുറച്ചു ദൂരം കൂടി നടന്നപ്പോൾ, വലിയൊരു കയറ്റത്തിന്റെ മുകളിലായി തേക്കാത്ത ആ ചെറിയ വീട് കണ്ടു. മുറ്റത്ത് കരിയിലകൾ വീണു കിടക്കുന്നു. ഒരു അനാഥത്വം ആ വീടിനുണ്ടായിരുന്നു.
​അവൻ മുറ്റത്തേക്ക് കയറി വിളിച്ചു.

"ബാലു.... ബാലു...."

​അകത്തുനിന്നും ഭയന്നൊരു സ്ത്രീശബ്ദം കേട്ടു.

"ആരാ...?"

"ഇത് ബാലുവിന്റെ വീടല്ലേ?

അകത്തുനിന്നും മറുപടിയില്ല. വാതിൽ തുറക്കുന്നില്ല.

"ഞാൻ ബാലുവിന്റെ ഫ്രണ്ടാണ്... കോളേജിൽ കൂടെ പഠിക്കുന്നതാ... അവനെ അന്വേഷിച്ച് വന്നതാണ്."

​വാതിൽ മെല്ലെ തുറന്നു. ക്ഷീണിച്ച മുഖമുള്ള, കണ്ണുകളിൽ ഭയം നിറഞ്ഞുനിൽക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് നോക്കി. അവർ വേഗത്തിൽ സ്റ്റാലിനോട് പറഞ്ഞു.

"മോൻ വേഗം അകത്തേക്ക് കയറൂ..."

അവൻ കയറിയ ഉടനെ അവർ വാതിൽ കൊട്ടിയടച്ചു കുറ്റിയിട്ടു.

"ഞാൻ ബാലുവിന്റെ അമ്മയാണ്. മോൻ എങ്ങനെ ഇവിടെ എത്തി? ആരാ കാര്യങ്ങൾ പറഞ്ഞത്?"

​സ്റ്റാലിന് ഒന്നും വ്യക്തമായില്ല.
"അമ്മേ, എന്ത് കാര്യത്തെക്കുറിച്ചാണ് അമ്മ പറയുന്നത്? എനിക്കൊന്നും മനസ്സിലായില്ല... ഞാൻ അവനെ കാണാഞ്ഞിട്ട് അന്വേഷിച്ചു വന്നതാണ്. അവൻ എവിടെ?"

​ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവർ സ്റ്റാലിനെ അകത്തെ ഒരു കൊച്ചു മുറിയിലേക്ക് കൊണ്ടുപോയി.

"ഇതാ... ഇവിടെയുണ്ട്..."

​ആ കാഴ്ച കണ്ട് സ്റ്റാലിൻ തറഞ്ഞു നിന്നുപോയി.
കട്ടിലിൽ അനങ്ങാൻ വയ്യാതെ കിടക്കുന്ന ബാലു. അവന്റെ കാലുകൾ രണ്ടും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. മുഖത്തും കൈകളിലും കഴുത്തിലും എല്ലാം ചതഞ്ഞ പാടുകൾ. ആരോ ക്രൂരമായി മർദ്ദിച്ചതിന്റെ അടയാളങ്ങൾ ആ ശരീരം മുഴുവനുണ്ടായിരുന്നു.

​"ബാലു..." സ്റ്റാലിൻ അറിയാതെ വിളിച്ചുപോയി. അവൻ ഓടിച്ചെന്ന് കട്ടിലിനരികിൽ ഇരുന്നു.
​അമ്മയുടെ നിയന്ത്രണം വിട്ടു. അവർ പൊട്ടിക്കരയാൻ തുടങ്ങി. ബാലുവിന്റെ സഹോദരി അവിടേക്ക് വന്ന് അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ അവളുടെ കണ്ണുകളും ഒഴുകുന്നുണ്ടായിരുന്നു.

​"ഇവന്റെ അച്ഛൻ മരിച്ചതിൽ പിന്നെ ഞാൻ കൂലിപ്പണിക്കു പോയി കഷ്ടപ്പെട്ടാ ഇവരെ രണ്ടുപേരെയും നോക്കിയത്. പഠിപ്പിച്ചു, ഇവിടെ വരെ എത്തിച്ചു. പക്ഷേ..." അമ്മ കണ്ണീരിനിടയിലൂടെ പറഞ്ഞു തുടങ്ങി.

​"കഴിഞ്ഞ കുറേ ദിവസമായി വീട്ടിൽ ഒരു മണി അരി ഇല്ല. ഈ മാസത്തെ റേഷൻ ഇതുവരെ കിട്ടിയിട്ടും ഇല്ല. എല്ലാ ദിവസവും ഞാൻ ഗ്രാമത്തിലുള്ള റേഷൻ കടയിൽ പോയി ചോദിക്കും. ഇവൻ കോളേജിൽ നിന്നും വന്നപ്പോൾ ഇവനും പോയി ചോദിച്ചു. പക്ഷേ കടക്കാരന് ഒരേ മറുപടിയേ ഉള്ളൂ - സാധനങ്ങൾ വന്നിട്ടില്ല."

​"വിശപ്പ് സഹിക്കാൻ വയ്യാതെ ഇവൻ പഞ്ചായത്തിൽ പോയി പരാതിപ്പെട്ടു. അവര് അത് കേട്ടഭാവം നടിച്ചില്ല. സപ്ലൈ ഓഫീസിൽ പോയി ചോദിക്കാൻ പറഞ്ഞു. അടുത്ത ഗ്രാമം കടന്നു ടൗണിൽ ചെന്നാലേ സപ്ലൈ ഓഫീസ് ഉള്ളൂ. അവൻ അവിടെയും പോയി. എന്നാൽ അവർ പറഞ്ഞത് അരി അവിടേക്കുള്ളത് മാസത്തിന്റെ ആദ്യമേ അയച്ചു എന്നാണ്. നിങ്ങൾ റേഷൻ കടയിൽ ഒന്നുകൂടെ അന്വേഷിക്കൂ എന്ന് പറഞ്ഞ് അവർ ഇവനെ ഒഴിവാക്കിവിട്ടു."

​അമ്മ ഒന്ന് നെടുവീർപ്പിട്ടു.
"ബാലു തിരികെ വന്ന് കടക്കാരനോട് ഇത് ചോദിച്ചു. അയാൾ ഇവനോട് ചൂടായി. അവസാനം അത് വലിയ കയ്യാങ്കളിയായി. നാട്ടുകാർ ഇടപെട്ടു. പിറ്റേന്ന് ഇവൻ നാട്ടിൽ ഉള്ളവരെ എല്ലാം സംഘടിപ്പിച്ചു റേഷൻ കടക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി."
​"നാട്ടുകാരെല്ലാം എത്തിയപ്പോൾ സമരം ആളിക്കത്തി. കടക്കാരന് ദേഷ്യം വന്നു. അയാൾ കടയിൽ നിന്നും ഇറങ്ങി വന്ന് ബാലുവിന്റെ കോളറിൽ പിടിച്ച്
 'നിനക്കൊന്നും എന്നെ അറിയില്ലടാ'
എന്ന് ആക്രോശിച്ചു. ആ ദേഷ്യത്തിൽ ബാലു അയാൾക്കിട്ട് കരണത്തൊന്ന് കൊടുത്തു."
​"അതായിരുന്നു തുടക്കം. അയാൾ ആരെയോ ഫോൺ ചെയ്തു. പോലീസ് ജീപ്പ് പാഞ്ഞു വന്നു. ബാലു കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും പോലീസ് കേട്ടില്ല. 'ഇപ്പൊത്തന്നെ എല്ലാവരും പിരിഞ്ഞു പോകണം' എന്ന് എസ്.ഐ അലറി. ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ പോകൂ എന്ന് ബാലു പറഞ്ഞതും ആ എസ്.ഐ അവനെ തൊഴിച്ച് താഴെയിട്ടു."
​"പിന്നെ പൊതിരെ തല്ലായിരുന്നു. നാട്ടുകാരെയും ഞങ്ങളെയും പോലീസുകാർ തല്ലി ഓടിച്ചു. അവനെ അവർ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി... ഞാനും ഇവളും ജീപ്പിന് പുറകെ ഓടി... പോലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും അവർ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല."
​അമ്മയുടെ ശബ്ദം ഇടറി.

"പിറ്റേ ദിവസം രാവിലെ കവലയിൽ... ഈ അവസ്ഥയിൽ ചോര ഒലിപ്പിച്ച് എന്റെ മോൻ കിടക്കുന്നത് കണ്ട് നാട്ടുകാർ എടുത്തുക്കൊണ്ടു വന്നതാ. ശരീരം മുഴുവൻ നീരുവെച്ചു ചതഞ്ഞു കിടപ്പുണ്ട്. കാല് അവർ തല്ലിയൊടിച്ചു..."

​അപ്പോഴാണ് ബാലുവിന്റെ ഞരക്കം കേട്ടത്. അവൻ പതിയെ കണ്ണുതുറന്നു.

"സ്റ്റാലിനേ..." അവശതയോടെ അവൻ വിളിച്ചു.
"നീ... നീ എങ്ങനെ ഇവിടെ എത്തി?"
​സ്റ്റാലിൻ അവന്റെ കയ്യിൽ പിടിച്ചു.
"നിനക്ക് എങ്ങനെയെങ്കിലും എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേടാ?"

ബാലു മങ്ങിയ കണ്ണുകളോടെ അവനെ നോക്കി.
"നീ ഒന്നും പേടിക്കണ്ട, നമുക്ക് എല്ലാം ശരിയാക്കാം. ഞാനുണ്ട് കൂടെ," സ്റ്റാലിൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
​ബാലു വേദനയോടെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
"നീ കരുതുന്നത് പോലെ അത് അത്ര എളുപ്പമല്ല സ്റ്റാലിനേ... ഇത് വേറെ ലോകമാണ്."
"നമുക്ക് നോക്കാം... നീ ഇപ്പോ റെസ്റ്റ് എടുക്ക്."

​ആ വീടിന്റെ അവസ്ഥയും ബാലുവിന്റെ കോലവും കണ്ട് സ്റ്റാലിന് സങ്കടത്തോടൊപ്പം വല്ലാത്തൊരു ദേഷ്യവും വന്നു. അവൻ അമ്മയോട് ചോദിച്ചു.

"അവൻ വല്ലതും കഴിച്ചോ?"
​അമ്മ മൗനമായി സ്റ്റാലിന്റെ മുഖത്തേക്ക് നോക്കി. പിന്നെ തല കുനിച്ചു പറഞ്ഞു.
"രണ്ട് ദിവസമായി മോനെ ഈ വീട്ടിലെ അടുപ്പ് പുകഞ്ഞിട്ട്..."
​ആ വാക്കുകൾ സ്റ്റാലിന്റെ നെഞ്ചിൽ ഒരു മുള്ളുപോലെ തറച്ചു. നിരാശയും, ജീവിതത്തോടുള്ള മടുപ്പുമൊക്കെ ആ അമ്മയുടെയും പെങ്ങളുടെയും മുഖത്ത് നിഴലിച്ചിരുന്നു.

"ഞാൻ ഇപ്പോൾ വരാം..."
​സ്റ്റാലിൻ വേഗം കവലയിലെ കടയിലേക്ക് നടന്നു. നേരം ഇരുട്ടിയിരുന്നു. ബാലുവിന്റെ പെങ്ങൾ തന്ന ടോർച്ചിന്റെ വെളിച്ചത്തിൽ അവൻ വേഗത്തിൽ നടന്നു. വിശപ്പും ദാരിദ്ര്യവും എന്താണെന്ന് അവനറിയാം, പക്ഷേ ഇത്രയും ഭീകരമായ അവസ്ഥ...

​അപ്പോഴാണ് ചീറിപ്പാഞ്ഞു ഒരു ജീപ്പ് കാടിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടത്. സ്റ്റാലിൻ വഴിയരികിലേക്ക് മാറി നിന്നു. ജീപ്പിന്റെ മുൻസീറ്റിൽ ഇരുന്ന ഒരാൾ, ടോർച്ച് വെളിച്ചത്തിൽ സ്റ്റാലിനെ ഒന്ന് തുറിച്ചു നോക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു ക്രൂരതയുണ്ടായിരുന്നു.
​ജീപ്പ് പൊടിയുർത്തി കടന്നുപോയി.
മൊത്തത്തിൽ നിഗൂഢതയും അരക്ഷിതാവസ്ഥയും നിറഞ്ഞു നിൽക്കുന്ന സ്ഥലം. ഇവരെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചു പോകാൻ കഴിയില്ല. എന്തോ വലിയൊരു പോരാട്ടം വരാനിരിക്കുന്നു എന്ന് സ്റ്റാലിന്റെ മനസ്സ് മന്ത്രിച്ചു.


​തുടരും........

🖋️മണക്കാടൻ 

Comments

Popular posts from this blog

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2