ആരണ്യകം. ഭാഗം 1
ആരണ്യകം
വസന്തഗിരി കാട് പകൽ പോലും സൂര്യപ്രകാശം കടക്കാത്തത്ര ഇടതൂർന്നതായിരുന്നു. രാത്രിയായാൽ പിന്നെ പറയുകയും വേണ്ട, ചീവീടുകളുടെ കരച്ചിലും ഇടയ്ക്കിടെ കേൾക്കുന്ന മൃഗങ്ങളുടെ മുരൾച്ചയും മാത്രം. കാടിന്റെ അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് വസന്തഗിരി ഒരു പേടിസ്വപ്നമാണെങ്കിലും, ധൈര്യശാലികളായ ചില ചെറുപ്പക്കാർ രാത്രികാലങ്ങളിൽ അവിടെ വേട്ടയ്ക്കിറങ്ങുന്നത് പതിവാണ്. കാട്ടുപന്നിയെയോ മുയലിനെയോ ആണ് അവർ ലക്ഷ്യം വയ്ക്കാറുള്ളത്.
അങ്ങനെ ഒരു രാത്രിയിലാണ് ഗ്രാമത്തിലെ പേര് കേട്ട വേട്ടക്കാരനായ മഹിന്ദ്രനും അവന്റെ രണ്ട് കൂട്ടുകാരും—രഘുവും ദാസനും—തോക്കുമായി കാടുകയറിയത്.
കാടിന്റെ ഒരുവിധം മുകളിൽ എത്തിയപ്പോൾ അവർ പതിയിരുന്നു. പെട്ടെന്നാണ് കുറ്റിക്കാടുകൾക്കിടയിൽ നിന്ന് എന്തോ അനക്കം കേട്ടത്.
"മഹിന്ദ്രാ, അതാ അനക്കം... പന്നിയായിരിക്കും,"
ദാസൻ പതിയെ പറഞ്ഞു.
മഹിന്ദ്രൻ തന്റെ കയ്യിലുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്ക് ശബ്ദം കേട്ട ഭാഗത്തേക്ക് ഉന്നം പിടിച്ചു. കാഞ്ചി വലിക്കാൻ തുടങ്ങിയതും തോക്കിൻമുനയിലൂടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. മൃഗങ്ങളല്ല! കുറെ മനുഷ്യർ... കൈയിൽ ആയുധങ്ങളുമായി കാടിന്റെ ഉള്ളിലേക്ക് ജീവനും കൊണ്ട് ഓടുകയാണ്.
അതിന് തൊട്ടുപിന്നാലെ കാടിനെ വിറപ്പിച്ചു കൊണ്ട് ഗ്രാമത്തിൽ നിന്നുള്ള മൺപാതയിലൂടെ രണ്ട് പോലീസ് ജീപ്പുകൾ ചീറിപ്പാഞ്ഞു വന്നു.
"ഫോറസ്റ്റുകാരായിരിക്കും, അല്ലെങ്കിൽ പോലീസ്. നമ്മൾ പെട്ടു, വേഗം മാറി നിൽക്കാം!" മഹിന്ദ്രൻ പറഞ്ഞു.
അവർ വേഗത്തിൽ വശത്തുള്ള വലിയ പാറക്കൂട്ടങ്ങൾക്കിടയിലേക്ക് ഓടി ഒളിച്ചു.
ആ ജീപ്പുകൾ നിർത്താതെ കാടിന്റെ ഉള്ളിലേക്ക് പാഞ്ഞുപോയി.
പോലീസുകാരുടെ വരവ് കണ്ട മഹിന്ദ്രനും കൂട്ടുകാർക്കും കാര്യങ്ങളുടെ ഗൗരവം മനസ്സിലായി. എന്തോ വലിയ പ്രശ്നം നടക്കുന്നുണ്ട്.
"നമുക്ക് തിരിച്ചു പോകാം മഹിന്ദ്രാ, ഇത് പന്തിയല്ല," രഘുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
അവർ തിരിച്ചു നടക്കാൻ തുടങ്ങിയതും കാടിന്റെ ഉള്ളിൽ നിന്നും തുടരെത്തുടരെ വെടിയൊച്ചകൾ കേട്ടു.
ഠേ... ഠേ…
ഒരു യുദ്ധം നടക്കുന്നത് പോലെ തോന്നിപ്പിച്ചു. കാട് മുഴുവൻ ആ ശബ്ദത്തിൽ വിറച്ചു. പിന്നെ ഭീകരമായ നിശബ്ദത.
"വേണ്ട, നമുക്ക് എന്താണെന്ന് നോക്കിയിട്ട് പോകാം," മഹിന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു.
കൂട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ അവൻ മുന്നോട്ട് നടന്നു. മനസ്സില്ലാമനസ്സോടെ അവരും അവനെ അനുഗമിച്ചു.
കുറേ ദൂരം നടന്നപ്പോൾ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ആ രണ്ട് ജീപ്പുകളും റോഡിന്റെ നടുക്കായിനിർത്തിയിട്ടിരിക്കുന്നു. ഹെഡ്‌ലൈറ്റുകൾ കത്തിക്കിടപ്പുണ്ട്. എഞ്ചിൻ ഓഫായിട്ടില്ല. പക്ഷേ, അവിടെയാകെ ഒരു ശ്മശാന മൂകത.
ആരുടെയും അനക്കമില്ല.
ധൈര്യം സംഭരിച്ച് അവർ ജീപ്പിനരികിലേക്ക് നടന്നു. അടുത്തേക്ക് എത്തുന്തോറും വെടിമരുന്നിന്റെയും രൂക്ഷമായ ചോരയുടെയും ഗന്ധം അവരുടെ മൂക്കിലേക്ക് ഇരച്ചുകയറി.
ജീപ്പിന്റെ അടുത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അവരെ നടുക്കി.
ആ പോലീസുകാർ വെടിയേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്നു. ജീപ്പിന്റെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. കാക്കി കുപ്പായങ്ങൾ ചോരയിൽ മുങ്ങിയിരിക്കുന്നു. അവരെ ആരോ നിർദാക്ഷിണ്യം കൊന്നിരിക്കുന്നു. അത് വെറുമൊരു മൃഗവേട്ടയായിരുന്നില്ല, മറിച്ച് കൃത്യമായ പ്ലാനോടെ നടത്തിയ ഒരു ആക്രമണമായിരുന്നു.
മഹിന്ദ്രൻ ചുറ്റും നോക്കി, അവന്റെ കൈകൾ തോക്കിൽ മുറുകി.
"ഇത് മൃഗങ്ങളല്ല..." മഹിന്ദ്രൻ പതിയെ പറഞ്ഞു, അവന്റെ കണ്ണുകളിൽ ഭയത്തേക്കാൾ ജാഗ്രതയായിരുന്നു. "ഇവരെ ആരോ കൊന്നിരിക്കുന്നു..."
അവൻ ദാസനെയും രഘുവിനെയും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു,
"നമ്മൾ അല്ലാതെ മറ്റാരൊക്കെയോ ഈ കാട്ടിൽ ഉണ്ട്."
അപ്പോഴാണ് കൂടെ ഉണ്ടായിരുന്ന ദാസൻ വിറയ്ക്കുന്ന വിരൽ ചൂണ്ടി പറഞ്ഞത്,
"മഹിന്ദ്രാ... നീ ഇത് നോക്ക്..."
മഹിന്ദ്രൻ ജീപ്പിന്റെ ബോണറ്റിലേക്ക് വെട്ടമടിച്ചു. അവിടെ ചോരകൊണ്ട് ആരോ ഒരു സന്ദേശം എഴുതിയിരിക്കുന്നു.
"ഇനി ഞങ്ങളുടെ ഊഴം..."
ആ നിമിഷം, തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും ഒരു തോക്കിന്റെ സേഫ്റ്റി മാറ്റുന്ന ശബ്ദം (ക്ലിക്ക്) അവർ വ്യക്തമായി കേട്ടു.
തുടരും.........
🖋️ മണക്കാടൻ
Comments
Post a Comment