ആരണ്യകം ഭാഗം 2

ആരണ്യകം  ഭാഗം 2


​മരണം തങ്ങൾക്കു മുന്നിലെത്തിയെന്നു മഹിന്ദ്രനും കൂട്ടുകാരും ഉറപ്പിച്ചു. തൊണ്ട വരണ്ടുണങ്ങി. വിറയ്ക്കുന്ന കാലുകളോടെ, കണ്ണുകൾ ഇറുക്കിയടച്ച് അവർ അന്ത്യനിമിഷത്തിനായി കാത്തുനിന്നു.

​ഠേ...!! ഠേ...!! ഠേ...!!

​കാടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മൂന്നു വട്ടം വെടിയൊച്ച മുഴങ്ങി.
​നിമിഷങ്ങൾ കടന്നുപോയി. ശരീരത്തിൽ വേദനയൊന്നും അനുഭവപ്പെടുന്നില്ലെന്ന് മനസ്സിലായപ്പോൾ മഹിന്ദ്രൻ പതിയെ കണ്ണുതുറന്നു. താൻ മരിച്ചിട്ടില്ല! അവൻ ചുറ്റും നോക്കി. രഘുവും ദാസനും ഭയന്ന് വിറച്ചു നിൽക്കുന്നുണ്ടെങ്കിലും അവർക്കും വെടിയേറ്റിട്ടില്ല. പിന്നെ ആർക്കാണ് വെടിയേറ്റത്?

​പെട്ടെന്ന് കാടിനുള്ളിൽ നിന്നും ആരൊക്കെയോ നടക്കുന്ന ശബ്ദം അവർ കേട്ടു. വെടിയൊച്ച കേട്ട ഭാഗത്തേക്ക് മഹിന്ദ്രൻ ചെന്നു നോക്കി.

​അതാ, മരങ്ങൾക്കിടയിലൂടെ കുറച്ചുപേർ നടന്നു പോകുന്നു. ഇരുട്ടായതുകൊണ്ട് മുഖം വ്യക്തമല്ല. കൂട്ടത്തിൽ ഒരാൾ സ്ത്രീയാണ്, അവരുടെ കയ്യിലും തോക്കുണ്ട്. മഹിന്ദ്രൻ തന്റെ കാൽച്ചുവട്ടിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി. കുറ്റിക്കാടിനുള്ളിൽ ഒരു പോലീസുകാരൻ വെടിയേറ്റ് മരിച്ചു കിടക്കുന്നു. അയാളെ വലിച്ചിഴച്ച് അവിടെ കൊണ്ടുവന്നാണ് ആ പോലീസുകാരനെ അവർ കൊന്നത്.

​അവരിൽ നടുക്കുനിന്നയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. ആ ഇരുട്ടിലും അയാളുടെ തിളങ്ങുന്ന കണ്ണുകൾ മഹിന്ദ്രന് നേരെ പതിഞ്ഞു. ആ നോട്ടത്തിന് ഒരേയൊരു അർത്ഥമേ ഉണ്ടായിരുന്നുള്ളൂ - 

"ഞങ്ങളുടെ ഇര നിങ്ങളല്ല, ഞങ്ങളെ കണ്ടു എന്ന് കരുതി കൊല്ലുകയുമില്ല. പൊയ്ക്കോളൂ..."

​അവർ ആരാണ്? 
ഈ കാടും പോലീസുകാരും അവരും തമ്മിൽ എന്താണ് ബന്ധം?
 ഈ കാട് എന്തിനാണ് ഒരു കുരുതിക്കളമായി മാറിയത്? 
ആയിരം ചോദ്യങ്ങൾ മഹിന്ദ്രന്റെയും കൂട്ടുകാരുടെയും മനസ്സിൽ നിറഞ്ഞു.


​വസന്തഗിരി കാട് വിശാലമായ ഒരു സാമ്രാജ്യമാണ്. ഒരറ്റത്ത് കേരളം, മറ്റേ അറ്റത്ത് തമിഴ്നാട്, വേറൊരിടത്ത് കർണാടക. മൂന്ന് സംസ്ഥാനങ്ങളെയും തൊട്ടുരുമ്മി നിൽക്കുന്ന ഘോരവനം. കാടിന്റെ അതിർത്തികളിൽ അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങളുണ്ട്. അങ്ങനെ ഒരു ഗ്രാമമാണ് 'കക്കാടും മേട്'.
​സാധാരണക്കാരായ കർഷകരും, കൂലിപ്പണിക്കാരും താമസിക്കുന്ന, അധികം പുറംലോകവുമായി ബന്ധമില്ലാത്ത ഒരു ഗ്രാമം.

​ഒരിക്കൽ, മെയിൻ ടൗണിൽ നിന്നും ആ ഗ്രാമത്തിലേക്കുള്ള അവസാനത്തെ ജീപ്പ് കക്കാടും മേട് കവലയിൽ വന്ന് നിന്നു. അതിൽ നിന്നും ഒരു യുവാവ് പുറത്തിറങ്ങി. അവിടെ നിന്നവരൊക്കെ അയാളെ ഒന്ന് ഉറ്റുനോക്കി. കാരണം ആ ഗ്രാമത്തിൽ അങ്ങനെയൊരാളെ കണ്ടുപരിചയമില്ല. നല്ല വസ്ത്രധാരണം, തോളിലൊരു ബാഗ്. നഗരത്തിൽ നിന്നും വരുന്ന ഏതോ ഉദ്യോഗസ്ഥനെപ്പോലെയുണ്ട്.
​അയാൾ നേരെ അടുത്തുള്ള ചായക്കടയിലേക്ക് ചെന്നു.

"ഒരു ചായ..."

കടക്കാരൻ ചായ അടിക്കുന്നതിനിടയിൽ യുവാവ് ചോദിച്ചു, "ഇവിടെ ബാലുവിന്റെ... ബാലുരാജിന്റെ വീട് ഏതാണ്?"

​കടക്കാരൻ ഒന്ന് ആലോചിച്ച് ചോദിച്ചു, "ഏത്? നമ്മടെ രാജന്റെ മകൻ ബാലുവാണോ?

"അതെ."

"അതിന് ഇവിടെ നിന്നും കുറച്ച് പോകണമല്ലോ... അവിടെ എന്താ കാര്യം?" കടക്കാരന്റെ സ്വരത്തിൽ ചെറിയൊരു സംശയം.

​"ഞാൻ ബാലുവിന്റെ കൂടെ കോളേജിൽ പഠിക്കുന്നതാണ്. അവനെ കുറേ ദിവസമായി കോളേജിൽ കണ്ടിട്ട്... അതാ ഒന്ന് വന്ന് അന്വേഷിക്കാമെന്ന് കരുതി."

​"ഓ... കോളേജിൽ പഠിക്കുന്നതാണോ..." കടക്കാരന്റെ മുഖത്തെ സംശയം മാറി അവിടെ സ്നേഹം നിറഞ്ഞു. അയാൾ അലമാരയിൽ നിന്നും ചൂടുള്ള രണ്ട് പരിപ്പുവട എടുത്തു കൊടുത്തു.

"ഇതാ കഴിക്കൂ മോനെ... നമ്മടെ നാട്ടിൽ വന്നതല്ലേ, ബാലുവിന്റെ കൂട്ടുകാരനല്ലേ..."

​പരിപ്പുവട കഴിക്കുന്നതിനിടയിൽ കടക്കാരൻ നെടുവീർപ്പിട്ടു.
"അവൻ ക്ലാസ്സിൽ ഇപ്പോ വരാറില്ലല്ലേ? ഈ നാട്ടിലല്ലേ മോനെ ജീവിക്കുന്നത്... കോളേജും പഠിത്തവും ഒന്നും ഇവിടെയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല..."

​അത് കേട്ടപ്പോൾ യുവാവിന് എന്തോ പോലെ തോന്നി. പക്ഷേ അയാൾ കൂടുതൽ ഒന്നും ചോദിച്ചില്ല. ചായ വേഗം കുടിച്ച് പേഴ്സിൽ നിന്നും പണമെടുത്ത് നൽകി.

"ഏത് വഴിയാണ് പോകേണ്ടത്?"
​കടക്കാരൻ ഒരു മൺപാതയിലേക്ക് ചൂണ്ടി പറഞ്ഞു.
"ആ വഴി നേരെ പോയി ഇടത്തേക്ക് തിരിഞ്ഞാൽ വലിയൊരു കയറ്റം കാണാം. അതിന്റെ മുകളിൽ ചെല്ലുമ്പോൾ ഒരു തേക്കാത്ത വീട് കാണാം... അതാണ് ബാലുവിന്റെ വീട്. കുറച്ച് അധികം ദൂരമുണ്ട്."

​"ശെരി ചേട്ടാ..." അയാൾ നടക്കാൻ തുടങ്ങി.

​ചായക്കടയിലും വഴിയിലും നിൽക്കുന്ന എല്ലാവരും തന്നെ എന്തോ അന്യഗ്രഹജീവിയെ കാണുന്നത് പോലെ നോക്കുന്നത് കണ്ടപ്പോൾ അയാൾക്ക് തോന്നി, 
ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. ഇത് വെറുമൊരു നാടല്ല. നിഗൂഢതകൾ പലതും എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.
​അയാൾ നടന്ന് ആ കയറ്റത്തിന് മുകളിൽ എത്തിയപ്പോൾ മേലേക്ക് നോക്കി. 

ആകാശമല്ല, മറിച്ച് അങ്ങ് ദൂരെ ആകാശത്തോളം മുട്ടിനിൽക്കുന്ന വസന്തഗിരി കാടാണ് തലയുയർത്തി നിൽക്കുന്നത്. കാറ്റ് വീശുന്നുണ്ടായിരുന്നു, ആ കാറ്റിന് പോലും ഒരു ചോരയുടെ ഗന്ധമുണ്ടോ?
​അയാൾ ബാലുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു…


​തുടരും….


🖋️മണക്കാടൻ

Comments

Post a Comment

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1