ആരണ്യകം ഭാഗം 6:
ആരണ്യകം ഭാഗം 6:
കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം സ്റ്റാലിന്റെ മുറിവുകളെല്ലാം ഉണങ്ങിത്തുടങ്ങി. പതിയെ അയാൾ നടന്നു തുടങ്ങി. സഹായത്തിനായി അവിടെയുള്ളവർ കൂടെയുണ്ടായിരുന്നു.
അങ്ങനെയിരിക്കെ, അയാൾ ടെന്റിനുള്ളിലെ മേശയിലിരുന്ന പുസ്തകങ്ങളും ലഘുലേഖകളും ശ്രദ്ധിച്ചു. സായുധ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഗോറില്ലാ വിപ്ലവ ചരിത്രങ്ങൾ, ഭരണകൂടത്തിനെതിരെയുള്ള പ്രസ്താവനകളടങ്ങിയ പേപ്പറുകൾ.
ഈ കാഴ്ചകളിലൂടെ സ്റ്റാലിന്റെ മനസ്സിൽ ഇവരെപ്പറ്റി ഒരു ധാരണയുണ്ടായി. എങ്കിലും, എന്താണ് ഇവരെ സായുധ വിപ്ലവത്തിലേക്ക് നയിച്ചതെന്നോ, ഈ പോരാട്ടം എന്തിനുവേണ്ടിയാണെന്നോ സ്റ്റാലിന് വ്യക്തമായില്ല.
അത് നോക്കിക്കൊണ്ട് നിൽക്കുമ്പോളാണ് ആ സ്ത്രീ അവിടേക്ക് കയറി വന്നത്. സ്റ്റാലിൻ പുസ്തകങ്ങൾ നോക്കുന്നത് കണ്ട് അവർ ചോദിച്ചു:
"എന്തേ? എന്തെങ്കിലും മനസ്സിലായോ?"
"ഞാൻ പലപ്പോഴായി വായിച്ചറിഞ്ഞ കാര്യങ്ങളെ ഇതിൽ ഉള്ളൂ," സ്റ്റാലിൻ പറഞ്ഞു.
"നിങ്ങളുടെ പേരെന്താണ്? ആരാണ് നിങ്ങൾ?"
"എന്റെ പേര് ഗംഗ.
പിന്നെ ഞങ്ങൾ ആരാണെന്ന് ചോദിച്ചാൽ, നിങ്ങൾ മനസ്സിലാക്കിയത് പോലെ തന്നെ; സായുധ വിപ്ലവകാരികളാണ്. ആ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നവർ."
"എന്തിനുവേണ്ടി?" സ്റ്റാലിൻ ചോദ്യം തുടർന്നു.
"അത് പറയാൻ ആണെങ്കിൽ ഒരുപാട് പറയാനുണ്ട്. പുതിയൊരു അധ്യായം തന്നെ ആരംഭിക്കേണ്ടി വരും. ഇവിടെയുള്ള ഓരോരുത്തർക്കും ഓരോ കഥകളുണ്ട്. അടിച്ചമർത്തപ്പെട്ടവന്റെ കഥ, മർദ്ദിതരുടെ കഥ, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവന്റെ കഥ... അങ്ങനെ ഓരോരുത്തർക്കും ഓരോ കഥയാണ്. പക്ഷേ എല്ലാവർക്കും ഇല്ലാതാക്കേണ്ടത് ഒരാളെ മാത്രം: ചെട്ടിയാരെ."
ഗംഗ ടെന്റിന് പുറത്തേക്ക് കൈചൂണ്ടി: "ദേ ആ നിൽക്കുന്ന ജോണിന് ഒരു ചെവിയേ ഉള്ളൂ, ശ്രദ്ധിച്ചോ?"
"അതെ, അത് എന്തുപറ്റിയതാ?" സ്റ്റാലിൻ ചോദിച്ചു.
"കാട്ടിലെ ലഹരികടത്തിനെതിരെ ശബ്ദമുയർത്തിയ ധീരതയ്ക്ക് ചെട്ടിയാർ കൊടുത്ത ഉപഹാരം."
"ദേ ആ മണിയെ കണ്ടോ? അവന്റെ പെങ്ങൾ എവിടെയാണെന്ന് ഇന്നും ആർക്കും അറിയില്ല."
"എന്തിന്, ആ തമിഴ് പയ്യനെ കണ്ടില്ലേ?
നിങ്ങൾക്ക് ഭക്ഷണം തന്നവൻ. അവൻ തമിഴ് ഗ്രാമത്തിൽ നിന്ന് ചെട്ടിയാരെ കൊല്ലാൻ വേണ്ടി ഇവിടെ ജീവിക്കുന്നവനാണ്."
സ്റ്റാലിൻ ഇതെല്ലാം കേട്ടു. തനിക്ക് മാത്രമേ വേദനകളുള്ളൂ എന്ന് കരുതിയ അയാളുടെ ചിന്തകൾ മാറിമറിഞ്ഞു.
"നിങ്ങളോ?" സ്റ്റാലിൻ ഗംഗയോട് ചോദിച്ചു.
ഗംഗയുടെ മുഖം മങ്ങി. "ഈ കാടിന് അകത്ത് ഒരു ചെറുഗ്രാമം ഉണ്ടായിരുന്നു. വസന്തഗിരിയിലെ വസന്തം അവിടെയായിരുന്നു. അതാണ് എന്റെ നാട്. നിങ്ങൾക്കറിയുമോ, എന്റെ അച്ഛനും അമ്മയും ഞാനും എല്ലാം എത്ര സന്തോഷത്തോടെയാണ് ജീവിച്ചതെന്ന്?"
"അവർ എവിടെ?" സ്റ്റാലിൻ ചോദിച്ചു.
"എല്ലാം സുന്ദരമായിരുന്നു, അയാൾ വരുന്നിടം വരെ. ചെട്ടിയാർ കാൽവെച്ചു കയറി വന്ന സമയം. അന്ന് അയാൾ ഇന്നത്തെപ്പോലെ വളർന്നിട്ടില്ല. അന്ന് കാട്ടിൽ നിന്ന് തടി കടത്തണമെങ്കിൽ ഞങ്ങളുടെ ഗ്രാമത്തിലുള്ളവർ അനുവദിക്കണം. പക്ഷെ ഞങ്ങളുടെ ഗ്രാമം ഒരിക്കലും കാട്ടിലെ തടി കൊള്ളയടിക്കാൻ സമ്മതിക്കില്ലായിരുന്നു. എന്റെ അച്ഛൻ എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ആളായിരുന്നു."
"ഒരിക്കൽ കാട്ടിൽ നിന്ന് കുറെ പേർ തടി വെട്ടുന്നത് അച്ഛൻ കണ്ടു. അത് ചെട്ടിയാർ ആയിരുന്നു. അത് അച്ഛൻ ഗ്രാമത്തിലുള്ളവരെയും കൂട്ടി ചോദിച്ചു. അങ്ങനെ ചെട്ടിയാരുമായി പ്രശ്നമായി. തടി തൊടാൻ പറ്റില്ലാന്ന് മനസ്സിലായ ചെട്ടിയാർ തിരിച്ചു പോയി. പിന്നീട് വിണ്ടും അവർ തടിമുറിക്കാൻ എത്തി. അതറിഞ്ഞ അച്ഛനും ഗ്രാമവാസികളും ഫോറസ്റ്റ് ഓഫീസിൽ പോയി പരാതിപ്പെട്ടു."
ഗംഗയുടെ കണ്ണുകൾ നിറഞ്ഞു. "ഞങ്ങൾ അന്വേഷിക്കാം എന്ന് പറഞ്ഞ് ഫോറസ്റ്റുകാർ വന്നത് ഞങ്ങളുടെ ഗ്രാമത്തിലേക്കായിരുന്നു. 'നീയൊക്കെ തടി കട്ട് വിറ്റിട്ട് മാന്യന്മാരുടെ തലയിൽ വെക്കുന്നോടാ?' എന്ന് ചോദിച്ചു എന്റെ അച്ഛനെ പിടിച്ചുകൊണ്ടുപോയി."
"ആ ഫോറസ്റ്റ് ഓഫീസർ എന്റെ അമ്മയെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അയാളെ തള്ളിമാറ്റാൻ നോക്കി. ആ ദേഷ്യത്തിൽ അയാൾ അമ്മയെ മുടിക്ക് കുതിപിടിച്ചു വലിച്ചെറിഞ്ഞു അടുപ്പിന്റെ കല്ലിൽ തട്ടി . ചോരയൊലിപ്പിച്ച് അമ്മ നിലത്തുവീണു. അയാൾ എന്നെ ലക്ഷ്യമാക്കി വന്നപ്പോൾ ഞാൻ അയാളെ തള്ളിയിട്ട് ഇറങ്ങി ഓടി കാട്ടിൽ കയറി. ഇരുട്ടിൽ ഭയന്ന് എങ്ങോട്ടാണെന്നില്ലാതെ ഞാൻ ഓടി... പെട്ടന്നൊരു വെളിച്ചം …
തുടരും.....
🖋️മണക്കാടൻ
Comments
Post a Comment