ആരണ്യകം: ഭാഗം 7
ആരണ്യകം: ഭാഗം 7
ഗംഗ തന്റെ ഭൂതകാലം വിവരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ തീജ്വാലകൾ ഇരമ്പുന്നുണ്ടായിരുന്നു.
"കാടിനുള്ളിലേക്ക് ഓടിക്കയറി ഇരുട്ടിൽ എങ്ങോട്ട് ഓടണമെന്നു അറിയാതെ നിന്നപ്പോഴാണ് ആ വെളിച്ചം എനിക്ക് മുന്നിലേക്ക് വന്നത്. ആ വെളിച്ചത്തിന് പിന്നിൽ ഒരാൾ... അയാൾ എന്നോട് പറഞ്ഞു: 'മോൾ പേടിക്കണ്ട, ഞാൻ ഉപദ്രവിക്കാൻ വന്നതല്ല. മോൾ എങ്ങനെയാ ഈ കാട്ടിൽ എത്തിയത്? വഴിതെറ്റിയതാണെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടാക്കാം'.
അന്ന് ഞാൻ അയാളോട് കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞു. അയാൾ എന്റെ കൈപിടിച്ചു കാട്ടിലൂടെ ഒരു പാറയുടെ മുകളിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാൽ എന്റെ ഗ്രാമം കാണാമായിരുന്നു. ഞാൻ എന്റെ വീടിന് നേരെ നോക്കി... പക്ഷേ, ഞാൻ കണ്ടത് ആളിക്കത്തുന്ന ഒരു തീജ്വാലയായിരുന്നു ,എന്റെ ലോകം അവിടെ വെണ്ണീറാവുകയായിരുന്നു. പൊട്ടിക്കരഞ്ഞ എന്നെ ചേർത്തുപിടിച്ചു അയാൾ പറഞ്ഞു: 'ഞാനുണ്ട് കൂടെ'.
അന്നുമുതൽ ആ വെളിച്ചമാണ് എന്നെ ഇവിടെ വരെ നയിച്ചതും ഞാൻ ഇന്ന് ജീവിക്കുന്നതിന്റെ കാരണവും. സേവ്യർ... എന്നാണ് പേര്. നാട്ടിലൊക്കെ ഒരുകാലത്ത് ആ പേര് അത്രമേൽ പ്രശസ്തമായിരുന്നു. അദ്ദേഹമാണ് എന്നെയും ഈ കൂടെയുള്ളവരെയുമെല്ലാം സായുധവിപ്ലവം പരിശീലിപ്പിച്ചതും ഞങ്ങളെ നയിക്കുന്നതും."
ഇതെല്ലാം കേട്ട സ്റ്റാലിൻ ആകാംക്ഷയോടെ ചോദിച്ചു, "എനിക്ക് അദ്ദേഹത്തെ കാണാൻ പറ്റുമോ?"
ഗംഗ മറുപടി നൽകി, "നമ്മൾ ഉടനെ ഈ ക്യാമ്പ് മാറും. കൂടുതൽ പദ്ധതികൾ പ്ലാൻ ചെയ്യാനുണ്ട്. അപ്പോൾ അദ്ദേഹം വരും, അപ്പോൾ കാണാം."
അങ്ങനെ അവർ ആ ക്യാമ്പ് മാറി സുരക്ഷിതമായ മറ്റൊരു രഹസ്യതാവളത്തിലേക്ക് പോയി. സ്റ്റാലിനും അവരിലൊരാളായി മാറി. അവിടെ എത്തിയ സ്റ്റാലിൻ പിന്നീട് സേവ്യറെ പരിചയപ്പെട്ടു. ആ വ്യക്തിത്വത്തിന്റെ കാന്തികത അവനെ ആകർഷിച്ചു. നീണ്ട കുറെ കാലത്തെ കഠിനമായ പരിശീലനത്തിലൂടെ സ്റ്റാലിൻ ഒരു നല്ല സായുധ വിപ്ലവകാരിയായി മാറി—മനസ്സുകൊണ്ടും ശരീരം കൊണ്ടും.
അതിനിടയിലാണ് സ്റ്റാലിൻ രാഘവൻ മാസ്റ്റർക്ക് ആ കത്ത് അയക്കുന്നത്.
സ്റ്റാലിനും ഗംഗയും അവരുടെ സംഘവും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കരുത്തരാകുകയായിരുന്നു. ചെട്ടിയാരെ തകർക്കാൻ ഒരു നല്ല അവസരം നോക്കി ഇരുന്നപ്പോഴാണ് ഗ്രാമത്തിലേക്ക് വന്ന സർക്കാർ അരി ലോറി നിയമം ലംഘിച്ച് ചെട്ടിയാരുടെ ഗോഡൗണിലേക്ക് പോകുന്നത് അവർ അറിഞ്ഞത്.
അന്നു രാത്രി സ്റ്റാലിനും സംഘവും റോഡിന് ഇരുവശത്തായി കാടിന്റെ മറവിൽ നിലയുറപ്പിച്ചു. ലോറി ഗോഡൗണിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും കാടിനുള്ളിൽ നിന്നും വന്ന ഒരു കല്ല് ലോറിയുടെ ഒരു ഹെഡ്‍ലൈറ്റ് തകർത്തു. ഡ്രൈവറും സഹായിയും ഞെട്ടിപ്പോയി. അവർ വണ്ടി നിർത്തി ചുറ്റും നോക്കി. പെട്ടെന്ന് രണ്ടാമത്തെ ലൈറ്റും പൊട്ടി.
രണ്ടുപേരും ഭയത്തോടെ ലോറിയിൽ നിന്നും താഴെയിറങ്ങി. ചുറ്റും കൂരിരുട്ടും മഞ്ഞും മാത്രം. ഇന്നേവരെ ആരും ആ ലോറിയെ തൊടാൻ ധൈര്യപ്പെട്ടിട്ടില്ല. ഡ്രൈവർ ഉറക്കെ അലറി: "ആരാടാ അത്? കാട്ടിനുള്ളിനു വെളിവാടാ ... ഇത് ചെട്ടിയാരുടെ വണ്ടിയാണെന്ന് അറിയാമോടാ നിനക്കൊക്കെ?"
പെട്ടെന്ന് കാടിനുള്ളിൽ നിന്നും അവർ പുറത്തേക്ക് വന്നു. ലോറിക്ക് ചുറ്റുമായി തോക്കുകൾ ചൂണ്ടി നിൽക്കുന്ന ആയുധധാരികളെ കണ്ട ഡ്രൈവറും സഹായിയും പരിഭ്രാന്തരായി. സ്റ്റാലിൻ മുന്നോട്ട് വന്ന് ഗർജ്ജിച്ചു: "ജീവൻ വേണമെങ്കിൽ പൊക്കോ... ഇത് ചെട്ടിയാർക്ക് ഉള്ളതല്ല!"
ഭയത്തിന് പകരം ദേഷ്യം വന്ന ഡ്രൈവർ തന്റെ അരയിൽ ഇരുന്ന പിച്ചാത്തി എടുത്ത് സ്റ്റാലിന് നേരെ കുത്താൻ പാഞ്ഞു.
ട്ടും... ട്ടും...!
നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വെടിയൊച്ച മുഴങ്ങി. ഡ്രൈവറുടെ രണ്ടു കാലുകളിലും വെടിയേറ്റു. അയാൾ അലറിക്കൊണ്ട് അവിടെ വീണു. സഹായിയായ പയ്യൻ അത് കണ്ടു ഭയന്ന് പ്രാണനും കൊണ്ട് കാടിനുള്ളിലേക്ക് ഓടി മറഞ്ഞു.
പിന്നീട് സ്റ്റാലിനും ഗംഗയും ആ ലോറിയുടെ നിയന്ത്രണം ഏറ്റെടുത്തു. സംഘത്തിലെ മറ്റുള്ളവർ ബോധം കെട്ട് ചോരയൊലിച്ചു കിടന്ന ഡ്രൈവറെ എടുത്ത് ഹോസ്പിറ്റലിന് സമീപം സുരക്ഷിതമായി എത്തിച്ചിട്ട് മടങ്ങി.
അന്ന് രാത്രി ആരോ കതകിൽ മുട്ടുന്നത് കേട്ടാണ് രാഘവൻ മാസ്റ്റർ ഉണർന്നത്. ലൈറ്റ് ഇട്ടു കതക് തുറന്നപ്പോൾ ആരെയും കണ്ടില്ല. മാസ്റ്റർ മുറ്റത്തിറങ്ങി നോക്കി, അപ്പോഴും ആരുമില്ല. നിരാശനായി തിരികെ വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് കതകിൽ ഒരു പേപ്പർ പതിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
"ഇനിമുതൽ ജനങ്ങൾക്കുള്ളത് ജനങ്ങൾ തന്നെ എടുത്താൽ മതി, അതല്ലേ അതിന്റെ ശരി മാസ്റ്ററേ? വേഗം കവലയിലെ റേഷൻ കടയുടെ മുന്നിലേക്ക് ചെല്ലുക."
ഇത് വായിച്ച മാസ്റ്റർ ആവേശത്തോടെ കവലയിലേക്ക് ഓടി. അവിടെ റേഷൻ കടയ്ക്ക് മുന്നിൽ അരിയുമായി ആ ലോറി നിൽക്കുന്നു! മാസ്റ്റർ ഉടൻ തന്നെ ഗ്രാമവാസികളെ ഓരോരുത്തരെയായി വിളിച്ചുണർത്തി.
നാട്ടിൽ ആവേശത്തിന്റെ വിപ്ലവം നടക്കുമ്പോൾ, കാടിനുള്ളിൽ നിന്നും വലിയൊരു തീജ്വാല ആകാശത്തേക്ക് ഉയർന്നുപൊങ്ങുന്നുണ്ടായിരുന്നു... അത് ചെട്ടിയാരുടെ ഗോഡൗണിൽ നിന്നുള്ളതാണോ അതോ പുതിയൊരു യുദ്ധത്തിന്റെ തുടക്കമാണോ?
തുടരും...
🖋️ മണക്കാടൻ
❤️
ReplyDelete