ആരണ്യകം ഭാഗം 5.
ആരണ്യകം ഭാഗം 5
ചാരമായ വീടിന്റെ മുന്നിൽ ആളുകൾ തടിച്ചുകൂടി. ദുരന്തത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിന്നു. ആ ചാരത്തിൽ കനലെരിഞ്ഞു തീർന്നിരുന്നില്ല. രാഘവൻ മാസ്റ്ററും അവിടെ ഉണ്ടായിരുന്നു.
പോലീസ് ഒന്നും അറിയാത്തവരെപ്പോലെ വന്നു. അവർ സ്ഥലം സീൽ ചെയ്ത്, മുൻപേ തയ്യാറാക്കിയ തിരക്കഥ അവതരിപ്പിച്ചു.
"കുടുംബത്തിലെ മൂന്നുപേർ തീയിൽ മരിച്ചു. ബാലുവിന്റെ കൂട്ടുകാരനാണ് ഇത് ചെയ്തത്. അയാൾക്ക് ബാലുവുമായി വൈരാഗ്യമുണ്ടായിരുന്നു. ആ പക തീർക്കാനാണ് അയാൾ ഇവിടെ എത്തിയത്. സ്റ്റാലിനെ എവിടെയെങ്കിലും കണ്ടാൽ പോലീസിൽ അറിയിക്കുക."
രാഘവൻ മാസ്റ്റർ അവജ്ഞയോടെ ചോദ്യമുയർത്തി: "ബാലുവിന്റെ കൂട്ടുകാരൻ, സ്റ്റാലിനെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്? അയാൾ എന്തിന് ഇത് ചെയ്യണം?"
പോലീസുകാർ മാസ്റ്ററിന്റെ ചോദ്യം അവഗണിച്ച്, തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു തീർത്ത് പോയി. കൂടെ നാട്ടുകാരും പതിയെ നീങ്ങി.
പക്ഷേ രാഘവൻ മാസ്റ്ററിന് അറിയാമായിരുന്നു, ഇത് അല്ല സത്യം എന്ന്. കത്താത്ത കനലുകളിലേക്ക് നോക്കി മാസ്റ്റർ മനസ്സിൽ പറഞ്ഞു: 'സ്റ്റാലിനെ, നീ എവിടെയാണ്? മരിച്ചോ, അതോ ജീവനോടെയുണ്ടോ? കാത്തിരിക്കുന്നുണ്ട്...'
കുറേ ദിവസങ്ങൾ കടന്നുപോയി. എല്ലാവരും ഈ സംഭവം പതിയെ മറക്കാൻ തുടങ്ങി. സ്റ്റാലിന്റെ നാട്ടിൽ നിന്നും തിരക്കി ആളുകൾ വന്നു. എന്നാൽ പോലീസിന്റെ കെട്ടുകഥയിൽ കൂടുതൽ ഒന്നും അവർക്കും കണ്ടെത്താനായില്ല. രാഘവൻ മാസ്റ്റർ അല്ലാതെ മറ്റാരും ആ തീരസത്യത്തെപ്പറ്റി പിന്നീട് ഓർത്തതും ഇല്ല.
ഒരു ദിവസം രാഘവൻ മാസ്റ്റർ വീട്ടിലേക്ക് വന്നു കയറി. ഉമ്മറത്തെ സ്റ്റാലിന്റെ ഫോട്ടോയുടെ മുന്നിൽ ഒരു കത്ത്. അത് പൊട്ടിച്ച് നോക്കിയപ്പോൾ തൂവെള്ള പേപ്പറിൽ എഴുതിയിരിക്കുന്നു:
"ഒരു ബൂർഷ്വാസിക്ക് തകർക്കാൻ കഴിയുന്നതാണോ സഖാവേ സ്റ്റാലിന്റെ വിപ്ലവം?
കഥ ഇനിയാണ് ആരംഭിക്കുന്നത്!"
അത് വായിച്ചതും രാഘവൻ മാസ്റ്ററിന് മനസ്സിൽ സന്തോഷവും ആവേശവും അണപൊട്ടി. പ്രതീക്ഷയുടെ തിരി വീണ്ടും തെളിഞ്ഞു.
അയാൾ മനസ്സിൽ പറഞ്ഞു: "കനൽ കെട്ടിട്ടില്ല!"
ചുറ്റും തീ ആളിക്കത്തുന്നു. അതിന് മുന്നിൽ നിൽക്കുന്ന സ്റ്റാലിനെ ലക്ഷ്യമാക്കി ഉറഞ്ഞുതുള്ളി എത്തുന്ന മുത്തപ്പൻ തെയ്യം... മുത്തപ്പൻ പറഞ്ഞു: "നിന്റെ ആഗമനോദ്ദേശം അവസാനിച്ചിട്ടില്ല. നീ ഇനിയാണ് ഉണരേണ്ടത്. അടിച്ചമർത്തപ്പെടുന്നവന്റെ കവലാളായി നീ വേണം. പോരാട്ടമാണ് നിന്റെ മാർഗം"
പെട്ടെന്ന് സ്റ്റാലിൻ ഞെട്ടിയുണർന്നു.
'ഇതെവിടെയാണ്?'
ചുറ്റും നോക്കി. അതൊരു താൽക്കാലിക ഷെൽട്ടറാണ്. ഒരു മേശപ്പുറത്ത് കുറേ പുസ്തകങ്ങളും, പേപ്പറുകളും, അതിനപ്പുറത്തായി തോക്കുകളും.
അവൻ എഴുനേൽക്കാൻ ശ്രമിച്ചു. ദേഹം ആസകലം പൊള്ളുന്ന വേദന. തലയ്ക്ക് ഏറ്റ പ്രഹരം അവനെ തളർത്തിയിരിക്കുന്നു.
പെട്ടെന്ന് ഒരു സ്ത്രീ അവിടേക്ക് കയറി വന്നു. സ്റ്റാലിൻ എഴുനേൽക്കാൻ ശ്രമിക്കുന്നത് കണ്ട് അവർ തടഞ്ഞു.
"കിടന്നോളൂ. നിങ്ങൾ ഇവിടെ സുരക്ഷിതമായിരിക്കും," ഗാംഭീര്യമുള്ള സ്ത്രീശബ്ദം.
ഷർട്ടും പാന്റും ബൂട്ടും ഇട്ടിരിക്കുന്നു. ഇതുവരെ കാണാത്ത മുഖം. ആരാണിവർ?
സ്റ്റാലിൻ ചോദിച്ചു: "ഞാൻ ഇത് എവിടെയാണ്? ഞാൻ എങ്ങനെ ഇവിടെയെത്തി? നിങ്ങൾ ആരാണ്?"
"എല്ലാം പറയാം. നിങ്ങൾ വിശ്രമിക്കൂ,"
അവർ പറഞ്ഞു.
"എന്നെ അവർ കൊന്നില്ലേ? ബാലുവും അമ്മയുമൊക്കെ...?" സ്റ്റാലിന്റെ സ്വരം വിങ്ങി.
"നിങ്ങൾ മരിച്ചിട്ടില്ല. ബാലുവും അമ്മയും ആരാണെന്ന് എനിക്കറിയില്ല." അവർ മറുപടി പറഞ്ഞു.
"രണ്ടു ദിവസം മുൻപ് കാട്ടിൽ നിന്നാണ് നിങ്ങളെ ഞങ്ങൾക്ക് കിട്ടിയത്. പോലീസിന്റെയും ചെട്ടിയാരുടെയും ജീപ്പ് കാടുകയറി വരുന്നത് കണ്ടാണ് ഞങ്ങൾ അവിടെ എത്തിയത്. അവർ നിങ്ങളെ അവിടെ എറിഞ്ഞു പോകുന്നതും കണ്ട്, ഞങ്ങൾ നിങ്ങളെ ഇവിടെ എത്തിച്ചു. മരിച്ചെന്ന് കരുതി കളഞ്ഞതാകും. നിങ്ങൾ ആരാണ്? അവരുമായി എന്തായിരുന്നു ഇടപാട്?"
അപ്പോഴാണ് ഒരു പയ്യൻ കയറി വന്നത്. "ഇവങ്ക എഴ്ത്തിടിച്ചാ?" (ഇയാൾ എഴുന്നേറ്റോ എന്ന് തമിഴിൽ ചോദിച്ചത്)
"നീ ഇയാൾക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്," ആ സ്ത്രീ പയ്യനോട് പറഞ്ഞു.
സ്റ്റാലിൻ അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു. ബാലുവിന്റെ വീട്ടിൽ നടന്ന സംഭവങ്ങളും ചെട്ടിയാരെപ്പറ്റിയുള്ള വിവരങ്ങളും.
അപ്പോൾ അവിടേക്കു കുറേ പേർ കൂടി വന്നു, ആരാണ് ഇയാൾ എന്ന് കേൾക്കാൻ. എല്ലാം കേട്ട ശേഷം അവർ പറഞ്ഞു:
"ഞങ്ങൾ ഉണ്ട് കൂടെ. നിങ്ങൾ പറഞ്ഞ ചെട്ടിയാർക്ക് വേണ്ടിയാണ് ഞങ്ങളും ഇവിടെ എത്തിയത്. നിങ്ങൾ ആദ്യം ശരീരം വീണ്ടെടുക്കൂ."
അവർ പുറത്തേക്ക് പോയി.
ആരാണ് ഇവർ? താനും ചെട്ടിയാർക്ക് വേണ്ടിയാണ് വന്നതെന്ന് ഇവർ പറയുമ്പോൾ, താൻ എവിടെയാണ് എത്തിപ്പെട്ടിരിക്കുന്നത് എന്ന് സ്റ്റാലിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.
തുടരും.....
🖋️മണക്കാടൻ
Comments
Post a Comment