ആരണ്യകം: ഭാഗം 8
ആരണ്യകം: ഭാഗം 8
വസന്തഗിരിയുടെ ആകാശം ചുവപ്പണിഞ്ഞു. കാടിനുള്ളിൽ ചെട്ടിയാരുടെ അനധികൃത ഗോഡൗൺ അഗ്നിക്കിരയാകുകയായിരുന്നു. സ്റ്റാലിനും സംഘവും വിതച്ച ആ തീജ്വാലകൾ പുതിയൊരു യുദ്ധത്തിന്റെ വിളംബരമായിരുന്നു.
പിറ്റേന്ന് രാവിലെ, പുകയുന്ന അവശിഷ്ടങ്ങൾക്ക് മുന്നിൽ ഗ്രാമവാസികളും ചെട്ടിയാരുടെ സഹായികളും തടിച്ചുകൂടി. പോലീസ് അരിച്ചുപെറുക്കുന്നുണ്ടെങ്കിലും കരിമരുന്നിന്റെ മണത്തിനപ്പുറം അവർക്ക് ഒന്നും കണ്ടെത്താനായില്ല. അവിടേക്കാണ് പ്രൗഢിയുള്ള ആ പഴയ മെഴ്‌സിഡസ് കാർ വന്നുനിന്നത്. ഡോർ തുറന്ന് പുറത്തിറങ്ങിയ ചെട്ടിയാരുടെ മുഖം ശാന്തമായിരുന്നു, പക്ഷേ ആ ശാന്തതയ്ക്ക് പിന്നിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. ഗ്രാമവാസികൾ ഭയത്തോടെ മാറിനിന്നു.
"മൊത്തം കത്തി നശിച്ചു സാർ. ആരോ ബോംബ് എറിഞ്ഞതാണ്," എസ്.ഐ പാണ്ടിമുത്തു ഓടിവന്നു പറഞ്ഞു.
ചെട്ടിയാർ കനലുകളിലേക്ക് നോക്കി തന്റെ സഹായിയോട് പറഞ്ഞു: "ഇത് ചെയ്തവരാരായാലും, അവരിനി ഈ മണ്ണിൽ ഉണ്ടാവാൻ പാടില്ല. എല്ലാത്തിനെയും പൊക്ക്!"
അന്വേഷണം കാട്ടുതീ പോലെ പടർന്നു. സംശയം തോന്നിയവരെയൊക്കെ ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി. കവലയിൽ ലോറി എത്തിയ വിവരം നാട്ടുകാരെ അറിയിച്ചത് രാഘവൻ മാസ്റ്ററാണെന്ന് അവർ കണ്ടെത്തി. ചായക്കടയിലേക്ക് വരികയായിരുന്ന മാസ്റ്ററെ എസ്.ഐയും ഗുണ്ടകളും ചേർന്ന് ബലമായി ജീപ്പിൽ കയറ്റി കൊണ്ടുപോയി.
പോലീസ് സ്റ്റേഷന്റെ ഇരുട്ടിൽ മാസ്റ്റർ ക്രൂരമായി മർദ്ദിക്കപ്പെട്ടു.
"ലോറി വരുമെന്ന് നിനക്ക് എങ്ങനെ അറിയാം? ആരാ ഇതിന് പിന്നിൽ?"
ഓരോ ചോദ്യത്തിനും ഒപ്പം ലാത്തിയുടെ പ്രഹരങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പതിച്ചു. പക്ഷേ ചോരയിൽ കുളിച്ചു കിടക്കുമ്പോഴും മാസ്റ്റർ മന്ത്രിച്ചു:
"ഞാൻ വഴിയിൽ കണ്ടതാണ്..." മറ്റൊന്നും പറഞ്ഞില്ല
അവസാനം ബോധരഹിതനായ അദ്ദേഹത്തെ നോക്കി എസ്.ഐ പറഞ്ഞു: "ഇവനെക്കൊണ്ട് ഇനി ഉപകാരമില്ല. കാട്ടിനുള്ളിൽ എവിടെയെങ്കിലും കൊണ്ടുപോയി തള്ളിക്കോ."
എസ്.ഐ പാണ്ടിമുത്തു പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് സ്റ്റേഷന് വെളിയിലേക്ക് ഇറങ്ങി. പെട്ടെന്നാണ് അന്തരീക്ഷത്തിൽ ഒരു ചൂളംവിളി ഉയർന്നത്. അയാൾ തിരിഞ്ഞു നോക്കിയതും ഇരുട്ടിൽ നിന്നും ഒരു തീ പാഞ്ഞുവന്നു വണ്ടിക്ക് മുകളിൽ വീണു പൊട്ടിത്തെറിച്ചു,പെട്രോൾ ബോംബ് …
ഭീകരമായ സ്ഫോടനത്തിൽ എസ്.ഐ ദൂരേക്ക് തെറിച്ചു വീണു. സ്റ്റാലിനും ഗംഗയും സംഘവും സ്റ്റേഷനെ വളഞ്ഞു കഴിഞ്ഞിരുന്നു. കാടിനുള്ളിൽ നിന്നും വെടിയൊച്ചകൾ മുഴങ്ങി. ഭയന്നുപോയ പോലീസുകാർ തിരികെ വെടിവെച്ചെങ്കിലും ഇരുട്ടിൽ മറഞ്ഞുനിന്ന സംഘത്തെ അവർക്ക് കാണാനായില്ല. ആ ബഹളത്തിനിടയിൽ സ്റ്റാലിന്റെ രണ്ടുപേർ സ്റ്റേഷനുള്ളിൽ കയറി ബോധരഹിതനായ രാഘവൻ മാസ്റ്ററെ അവിടെ നിന്നും രക്ഷപ്പെടുത്തി.
"അവരെ വിടരുത്!" എസ്.ഐ അലറി. പോലീസ് ജീപ്പ് സംഘത്തിന് പിന്നാലെ പാഞ്ഞു. കാടിനുള്ളിലേക്ക് ജീപ്പ് ഇരച്ചുകയറി. എന്നാൽ പാതിവഴിയിൽ വെച്ച് ഒരു വലിയ ശബ്ദത്തോടെ ജീപ്പിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. റോഡിൽ കുഴിച്ചിട്ടിരുന്ന ആണികൾ അവരുടെ വഴി തടഞ്ഞു.
ആ നിമിഷം ഇരുവശങ്ങളിൽ നിന്നും വെടിയുണ്ടകൾ പെയ്തു. എസ്.ഐയുടെ കൂടെയുണ്ടായിരുന്നവർ ഒന്നൊന്നായി വീണു. വണ്ടിയിൽ നിന്നും തറഞ്ഞു വീണ പാണ്ടിമുത്തുവിനെ ഒരാൾ വലിച്ചിഴച്ച് കാടിനുള്ളിലേക്ക് കൊണ്ടുപോയി. മങ്ങിയ വെളിച്ചത്തിൽ അയാൾ ആ മുഖം കണ്ടു ;; സ്റ്റാലിൻ.
അവിടേക്കാണ് വേട്ടയ്ക്ക് വന്ന മഹിന്ദ്രനും കൂട്ടുകാരും എത്തിയത്. അവരെ കണ്ട സ്റ്റാലിൻ എസ് .ഐ ക്കു നേരെ നിറയൊഴിച്ചു അവർ കാടിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.
പിറ്റേന്ന് ഈ വാർത്ത മഹിന്ദ്രനും കൂട്ടുകാരും പറഞ്ഞു നാടാകെ പടർന്നു. തന്റെ സാമ്രാജ്യം തകരുന്നത് കണ്ട ചെട്ടിയാർ കോപത്താൽ ഭ്രാന്തനായി. "ഇന്നേവരെ ആരും തൊടാത്ത എന്റെ നേരെ കൈ ഉയർത്താൻ തുനിഞ്ഞവർ ആരായാലും അവരെ ഞാൻ കാണിച്ചുതരാം!" ചെട്ടിയാർ ഗർജ്ജിച്ചു.
അന്ന് രാത്രി, തന്റെ വിശ്വസ്തരായ ഗുണ്ടകളെയും കൂട്ടി തോക്കുകളും എടുത്ത് ചെട്ടിയാർ കാടുകയറി. കാടിന്റെ വന്യതയിലേക്ക് വണ്ടികൾ പാഞ്ഞു നീങ്ങുന്നത് ഗ്രാമവാസികൾ ഭീതിയോടെ നോക്കിനിന്നു. വസന്തഗിരി ഇന്ന് രക്തം കുടിക്കാൻ ദാഹിച്ചിരിക്കുകയാണ്……………….
തുടരും..
🖋️മണക്കാടൻ
Comments
Post a Comment