ചങ്ങലയില്ലാത്ത മനുഷ്യൻ (The Unchained Man)
ചങ്ങലയില്ലാത്ത മനുഷ്യൻ
(The Unchained Man)
ഉച്ചവെയിലിന്റെ സമ്മർദ്ദത്തിൽ, വയറ് നിറയെ നല്ല കിടിലൻ ഊണ് കഴിക്കാനായി സ്ഥിരമായി പോകാറുള്ള കലൂരുള്ള ഹോട്ടലിൽ ഞാനും അഖിലും എത്തി. ഞങ്ങളുടെ ദിവസത്തിലെ വലിയൊരു ആശ്വാസമാണ് നടന്നുപോയി ഹോട്ടലിൽ നിന്ന് ആ ഉച്ചഭക്ഷണം.
അങ്ങനെ ഒരു ദിവസം പതിവുപോലെ ഞങ്ങൾ ഹോട്ടലിൽ എത്തി. നാലുപേർക്കിരിക്കാവുന്ന ഒരു മൂലയിലെ സീറ്റിൽ വേറെ രണ്ട് പേരുണ്ടായിരുന്നു – ഞങ്ങളും അവിടെ ഇരുന്നു
ഒരാൾ ഒരു മധ്യവയസ്കൻ, മറ്റേയാൾ കുറച്ചുകൂടി പ്രായമുള്ള ഒരാൾ. അവർ നല്ല അടുപ്പമുള്ളവരെപ്പോലെ സംസാരിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ ഇരുന്ന് കഴിച്ച് തുടങ്ങുന്നതിനിടയിൽ, പ്രായമായ ആൾ മധ്യവയസ്കനോട് വളരെ സാധാരണമായി ചോദിച്ചു:
"പിതാവ് എവിടെ? സുഖമായിരിക്കുന്നോ?"
മധ്യവയസ്കൻ ചിരിയോടെ പറഞ്ഞു:
"അദ്ദേഹം രണ്ട് ദിവസം ആയി ഇവിടെയൊന്നും ഇല്ല. അദ്ദേഹം ഇപ്പോൾ വെസ്റ്റ് ബംഗാളിലാണ്."
പ്രായമായ ആൾ, അപ്പോൾ ചോദിച്ചു:
"എന്തേ അവിടെ എന്തെങ്കിലും ആവശ്യത്തിന് പോയതാണോ?"
"പ്രത്യേകിച്ചു കാര്യമൊന്നുമില്ല," മധ്യവയസ്കൻ പറഞ്ഞു.
ഇന്നലെ അമ്മയെ വീഡിയോ കാൾ ചെയ്തിട്ട് അവിടുത്തെ കാഴ്ചകളെല്ലാം കാണിച്ചുകൊടുത്തിട്ടുണ്ട്, അപ്പോഴാണ് ഞങ്ങളും അറിയുന്നത്
പുള്ളി ഇവിടെ പണിയുന്ന കുറച്ച് പണിക്കാരെ ട്രെയിൻ കയറ്റിവിടാൻ റെയിൽവേ സ്റ്റേഷനിൽ പോയതായിരുന്നു. അവരെ യാത്രയാക്കി ടിക്കറ്റ് എടുത്ത് കൊടുത്ത് പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ, പെട്ടെന്ന് ഒരു തോന്നൽ. എന്നാൽപ്പിന്നെ വെസ്റ്റ് ബംഗാൾ ഒന്ന് കണ്ടിട്ട് വരാം എന്ന്. പിന്നെ ഒന്നും നോക്കിയില്ല, കൂടെ കയറിപ്പോയി. കയ്യിലുണ്ടായിരുന്ന വണ്ടി സ്റ്റേഷന്റെ സൈഡിൽ ഒതുക്കിവെച്ചു. ഇട്ടിരുന്ന ഒരു ബനിയനും ഷോർട്സും മാത്രമായിരുന്നു വേഷം."
ഞാനും അഖിലും ഊണിൽ നിന്ന് കൈയെടുത്തു. വെസ്റ്റ് ബംഗാളോ? ലീവെടുക്കാൻ പോലും ആയിരം കാരണങ്ങൾ പറയേണ്ട ഈ ലോകത്ത്, ഒരു മുന്നറിയിപ്പുമില്ലാതെ വെസ്റ്റ് ബംഗാളിൽ പോയിരിക്കുകയോ?
മധ്യവയസ്കൻ്റെ മറുപടി കേട്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും ചിരി അടക്കാനായില്ല. ഞങ്ങൾ പരസ്പരം മുഖാമുഖം നോക്കി. ചിരിക്കാൻ വരുന്നുണ്ട്, പക്ഷെ അവരുടെ മുന്നിൽ അത് പ്രകടിപ്പിക്കാൻ പാടില്ലല്ലോ എന്നോർത്ത് ഞങ്ങൾ ബലംപിടിച്ചിരുന്നു
പ്രായമായ ആൾ ഒന്ന് ഞെട്ടുകയോ ചിരിക്കുകയോ ചെയ്യാതെ,
"അതു കൊള്ളാം, വലിയ ധൈര്യം തന്നെ," എന്ന് മാത്രം പറഞ്ഞു.
ഒരു യാത്ര, ഒരു മുന്നറിയിപ്പുമില്ലാതെ, ഒരു പ്ലാനിംഗുമില്ലാതെ!" മധ്യവയസ്കൻ ചിരിച്ചു.
ഞാനും സുഹൃത്തും നിശ്ശബ്ദരായി ബിരിയാണി കഴിച്ചു, പക്ഷെ മനസ്സിൽ ആ വൃദ്ധൻ്റെ രൂപമായിരുന്നു. ബാഗില്ല, പ്ലാനില്ല, നല്ല വസ്ത്രങ്ങളില്ല, എന്തിന്, ഒരു ലക്ഷ്യംപോലുമില്ല! പണിക്കാരെ യാത്രയാക്കാൻ പോയ വഴിയിൽ കണ്ട ഒരു ട്രെയിനിൽ കയറിപ്പോയ ഒരു മനുഷ്യൻ.
ഭക്ഷണം കഴിച്ചുതീർന്ന് ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ അഖിൽ പറഞ്ഞു:
"എന്തൊരു മനുഷ്യൻ, എന്താ മൈൻഡ്സെറ്റ് കൈയിലുള്ള വണ്ടി വരെ ഉപേക്ഷിച്ച്..."
ഞാനും അതെ ചിന്തയിലായിരുന്നു.
"സത്യം, ആ ജീവിതം എത്ര സിമ്പിളാണെന്ന് ആലോചിച്ചുനോക്കൂ. നമ്മൾ ഒരു യാത്ര പോവണമെങ്കിൽ ഒരു മാസം മുന്നേ ടിക്കറ്റെടുക്കണം, ബാഗ് ഒരുക്കണം, നൂറ് പ്ലാനുകൾ വേണം. എന്നാൽ ആ മനുഷ്യൻ്റെ സ്വാതന്ത്ര്യം! ആ നിമിഷം തോന്നുന്നത് ചെയ്യാൻ പറ്റുന്ന ഒരു മനോഭാവം. അതാണ് അതിലെ ഏറ്റവും വലിയ കൗതുകം."
ഞങ്ങൾ ചിരിച്ചു, കാരണം ആ ഹോട്ടലിലെ തിരക്കിനിടയിൽ, ഞങ്ങൾ കേട്ട ആ വെസ്റ്റ് ബംഗാൾ യാത്രയുടെ കഥ, ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരുപാട് ചിന്തിപ്പിച്ചു.
മണക്കാടൻ
Comments
Post a Comment