മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും

മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും



പണ്ട്, ദൂരദർശൻ ആന്റിനകൾ വീടിന്റെ മേൽക്കൂരയിൽ തലയുയർത്തി നിന്നിരുന്ന കാലം. അതൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു. മറിയാമ്മച്ചേടത്തിയുടെ വീടിന്റെ തൊട്ടയൽപക്കത്തെ ത്രേസ്യച്ചേടത്തിയുടെ വീട്ടിൽ ഒരു അത്ഭുതം വന്നിറങ്ങി. ഒരു ടിവി.

ടിവി വന്ന വിവരമറിഞ്ഞ് ചുറ്റുവട്ടത്തുള്ളവർ മുഴുവൻ ത്രേസ്യച്ചേടത്തിയുടെ വീട്ടിലേക്ക് ഒഴുകി. സന്ധ്യയായാൽ പിന്നെ അവിടെ ഒരു പൂരപ്പറമ്പാണ്. ഊണും ഉറക്കവും എല്ലാം ത്രേസ്യയുടെ തിണ്ണയിൽ തന്നെ.
പക്ഷേ, ത്രേസ്യച്ചേടത്തി വെറും ഒരു സാധാരണക്കാരിയല്ലല്ലോ, നല്ല അസ്സൽ 'മൊരട്ടു' സ്വഭാവമാണ്.

"എടി പിള്ളേരെ, അവിടെ ചവിട്ടി മെഴുക്കല്ലേ...", 
"ആ ജനലിൽ നിന്ന് കൈ എടുക്കെടാ..." 

ത്രേസ്യച്ചേടത്തിയുടെ ശകാരവർഷം സഹിക്കാനാവാതെ നാട്ടുകാർ ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഒടുവിൽ, ടിവി കാണാൻ ആകെ ബാക്കിയായത് കുറച്ചു പിള്ളേരും, അയൽവക്കകാരിയും ഉറ്റകൂട്ടുകാരിയുമായ നമ്മുടെ മറിയാമ്മച്ചേടത്തിയും മാത്രം.



അവർ രണ്ടുപേരും സീരിയലിന്റെ ലോകത്തായിരുന്നു. മരുമകളും അമ്മായിയമ്മയും തമ്മിലുള്ള പോരാട്ടമാണ് പ്രധാന ഐറ്റം. സ്‌ക്രീനിൽ അമ്മായിയമ്മ അലറുമ്പോൾ ഇവർ ആവേശം കൊണ്ടു, മരുമകൾ കരയുമ്പോൾ ഇവർ ഒപ്പം കരഞ്ഞു.
 ഇടയ്ക്ക് ത്രേസ്യച്ചേടത്തി പറയും: 
"കണ്ടോടി മറിയാമ്മേ, ഇവളെയൊക്കെ പച്ച മടലിനു തല്ലണം."

ആ ആവേശത്തിന്റെ പുറത്താണ് ത്രേസ്യച്ചേടത്തി സ്വന്തം മരുമകളുടെ നെഞ്ചത്തോട്ടു കയറാൻ ചെന്നത്. പക്ഷേ, മരുമകൾ വിട്ടുകൊടുത്തില്ല. ആ ദേഷ്യത്തിൽ കുടുംബം കലക്കിയായ ടിവിയെ അവൾ അങ്ങ് 'താലി പൊട്ടിച്ചു' (അടിച്ചു പൊട്ടിച്ചു എന്ന് സാരം). അതോടെ സ്ക്രീൻ ഇരുണ്ടു.

പിന്നീട് അങ്ങോട്ട് നിശബ്ദത…

മറിയാമ്മച്ചേടത്തിക്ക് ആകെ വല്ലാത്തൊരു വെപ്രാളം. 'കുങ്കുമപ്പൂവ്' സീരിയലിലെ വില്ലത്തിയായ ജമന്തി, പാവം മരുമകളെ എന്ത് ചെയ്തു കാണും? അതറിയാതെ എങ്ങനെ ഉറങ്ങും? വേവലാതിയോടെ മറിയാമ്മച്ചേടത്തി തിരിഞ്ഞും മറിഞ്ഞും കിടന്നു.


പിറ്റേന്ന്, വീട് മൊത്തം ശോകമൂകമായി ഇരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്. മറിയാമ്മച്ചേടത്തിയുടെ മകൻ ജോണിക്കുട്ടി! കയ്യിൽ നിറയെ ഫോറിൻ സാധനങ്ങളും, കൂട്ടത്തിൽ വലിയൊരു പെട്ടിയും.
പെട്ടി പൊട്ടിച്ചപ്പോൾ അതാ, കണ്ണഞ്ചിപ്പിക്കുന്ന ഒരു പുതുപുത്തൻ Onida TV!
സങ്കടമെല്ലാം പമ്പകടന്നു. മറിയാമ്മച്ചേടത്തി ആവേശത്തോടെ വിളിച്ചു പറഞ്ഞു:
"എടാ പിള്ളേരെ, വേഗം ആ ടിവി അങ്ങ് സെറ്റ് ചെയ്യേ..."
മകൻ ടിവി സെറ്റ് ചെയ്ത്, ആന്റിന തിരിച്ച്, തെളിമയുള്ള ചിത്രം വരുത്തിയിട്ട് സ്ഥലം വിട്ടു. മറിയാമ്മച്ചേടത്തി കസേരയിലിരുന്ന് യുദ്ധമുഖരിതമായ സീരിയൽ ലോകത്തേക്ക് ഊളിയിട്ടു.



ഇതേസമയം, സ്വന്തം വീട്ടിൽ ടിവി പൊട്ടിയതിന്റെ ഡിപ്രഷനിൽ ഇരിക്കുകയായിരുന്നു ത്രേസ്യച്ചേടത്തി. അപ്പോഴാണ് അയൽപക്കത്ത് നിന്ന് പരിചിതമായ ആ ശബ്ദം കേൾക്കുന്നത്. സീരിയലിലെ കൂട്ടക്കരച്ചിൽ!
ത്രേസ്യച്ചേടത്തിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല. മതിൽ ചാടി നേരെ മറിയാമ്മയുടെ വീട്ടിലേക്ക് ഓടി.

"എടി മറിയാമ്മേ..."

വീട്ടിനുള്ളിൽ ടിവി ഓൺ ആണ്. കുങ്കുമപ്പൂവിലെ ജമന്തി അലറുന്നു, മരുമകൾ പൊട്ടിക്കരയുന്നു. ത്രേസ്യച്ചേടത്തി ഓടി അകത്തു കയറി.
ടിവിക്ക് അഭിമുഖമായി കസേരയിൽ മറിയാമ്മച്ചേടത്തി ഇരിക്കുന്നുണ്ട്. കണ്ണുകൾ സ്ക്രീനിൽ തറച്ചുനിൽക്കുന്നു.
ത്രേസ്യച്ചേടത്തി ആകാംക്ഷയോടെ ചോദിച്ചു:

"എന്തായി മറിയാമ്മേ കഥ? ജമന്തി അവളെ കൊന്നോ?"

മറിയാമ്മ മിണ്ടുന്നില്ല.

"എടി മറിയാമ്മേ..." ത്രേസ്യച്ചേടത്തി തട്ടിവിളിച്ചു.

അപ്പോഴും മറുപടിയില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ, മറിയാമ്മച്ചേടത്തി അനക്കമില്ലാതെ ഇരിക്കുകയാണ്. ആ ഇരിപ്പിൽ തന്നെ മറിയാമ്മച്ചേടത്തി ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

ടിവിയിൽ അപ്പോൾ, ഉച്ചയ്ക്ക് ചിക്കൻ കറി വെക്കാൻ മിറ്റത്തു നിക്കുന്ന കോഴിക്ക് പുറകെ ഓടിപിടിക്കുന്നത് പോലെ, ജമന്തി മരുമകളെ ഓടിച്ചിട്ട്‌ ഉപദ്രവിക്കുകയായിരുന്നു.
ആ ദൃശ്യം കണ്ട്, സസ്പെൻസ് താങ്ങാനാവാതെ, ഹൃദയം പൊട്ടിക്കരഞ്ഞാണ് മറിയാമ്മച്ചേടത്തി യാത്രയായത്.

മറിയാമ്മച്ചേടത്തി പോയെങ്കിലും, ത്രേസ്യച്ചേടത്തിക്ക് ഇന്നും ആ സങ്കടമുണ്ട്; മറിയാമ്മ പോയതിലല്ല, ആ എപ്പിസോഡിലെ ബാക്കി കഥ എന്തായി എന്ന് മറിയാമ്മയ്ക്ക് പറയാൻ പറ്റാഞ്ഞതിൽ.


November 21 world Television Day 



🖋️മണക്കാടൻ 


NB. ഈ കഥയും കഥാപത്രങ്ങളും തികച്ചും സങ്കല്പികം മാത്രം 

Comments

  1. കഥ കൊള്ളാം സൂപ്പർ 👍👍👍👍

    ReplyDelete
  2. Part 2 പ്രതീക്ഷിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1

ആരണ്യകം ഭാഗം 2