ആരണ്യകം. ഭാഗം 4
ആരണ്യകം. ഭാഗം 4:
സ്റ്റാലിൻ നടന്ന് കവലയിലെ കടയിൽ ചെന്നു. ബാലുവിന്റെ വീട്ടിലേക്ക് അത്യാവശ്യമുള്ള അരിയും മറ്റ് സാധനങ്ങളും വാങ്ങി. പരിചയമില്ലാത്ത ഒരാളെ കണ്ടപ്പോൾ കടക്കാരൻ ആകാംഷയോടെ ചോദിച്ചു.
"ഇയാൾ എവിടുന്നാ? ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..."
"ഞാൻ കുറച്ചു ദൂരെ നിന്നാണ്. ഒരു സുഹൃത്തിന്റെ വീട്ടിൽ വന്നതാ," സ്റ്റാലിൻ മറുപടി പറഞ്ഞു.
"ഏത് വീട്ടിൽ?" അയാൾ സൗഹൃദത്തോടെ ചോദിച്ചു.
"ബാലുവിന്റെ... ആ കുന്നിന്റെ മുകളിൽ കാടിനടുത്തൊരു വീടില്ലേ, അവിടെ."
കടക്കാരന്റെ മുഖഭാവം മാറി.
"ഓ... ബാലുവിന്റെ ഫ്രണ്ട് ആണോ? അവൻ കിടപ്പിലായത് അറിഞ്ഞു വന്നതാകും അല്ലേ? ഈ പയ്യന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഇവിടെ വന്ന് വല്ലതും വാങ്ങി കഴിച്ചാൽ പോരായിരുന്നോ?" അയാൾ പുച്ഛത്തോടെ ചോദിച്ചു.
അതുകേട്ട സ്റ്റാലിന് ദേഷ്യം വന്നു.
"എല്ലാരും അങ്ങനെ വാങ്ങി കഴിക്കാൻ ആണെങ്കിൽ സർക്കാർ റേഷൻ കട അനുവദിച്ചിരിക്കുന്നത് എന്തിനാ ചേട്ടാ? അത് അടച്ചിട്ടാൽ മതിയല്ലോ. പാവപ്പെട്ടവർക്കും ജീവിക്കണ്ടേ? ചേട്ടൻ അവന് വെറുതെ അരി കൊടുക്കുമോ? ഇല്ലല്ലോ."
സ്റ്റാലിന്റെ സ്വരത്തിലെ കടുപ്പം കടക്കാരന് മനസ്സിലായി. അയാൾ ശബ്ദം താഴ്ത്തി മൃദുഭാവത്തിൽ പറഞ്ഞു.
"മോനെ... പൈസ ഇല്ലാഞ്ഞിട്ടല്ല. ആ സ്ഥലം 'ചെട്ടിയാർ' നോക്കി വെച്ചിരിക്കുന്നതാ. അയാൾ ഒരു തുക കൊടുക്കാമെന്ന് അവരോട് പണ്ടേ പറഞ്ഞതാ. അപ്പൊ അവർക്ക് അത് പറ്റില്ല. അതിന് ചുറ്റും നേരത്തെ കുറേ വീടുകൾ ഉണ്ടായിരുന്നു. അതൊക്കെ ഭീഷണിപ്പെടുത്തിയും കൊന്നൊടുക്കിയും ചെട്ടിയാർ കൈക്കലാക്കി. കുറേ പേര് അയാളെ പേടിച്ചു നാടുവിട്ടുപോയി. ബാക്കി ഉള്ളവരെ അയാൾ കൊന്നു കളഞ്ഞു."
ഒരു കൂസലും ഇല്ലാതെ കടക്കാരൻ അത് പറഞ്ഞപ്പോൾ സ്റ്റാലിൻ ഞെട്ടി.
"ഈ ബാലുവിന്റെ അച്ഛനെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത് എങ്ങനെയെന്നാ വിചാരിച്ചത്? അതും അയാൾ ചെയ്തതാ..."
അപ്പോഴാണ് സ്റ്റാലിന് കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയത്. അവൻ ഒരു തഞ്ചത്തിൽ ചോദിച്ചു.
"ആരാ ഈ ചെട്ടിയാർ?"
കടക്കാരൻ ചുറ്റും നോക്കി, ആരും കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തി പറഞ്ഞു.
"ഈ ഗ്രാമത്തിന്റെ അപ്പുറത്ത് തമിഴ്നാടിന്റെ അതിർത്തിയാണ്. അവിടെ നിന്നും വന്നതാണ് ഈ വീരപ്പൻ ചെട്ടിയാർ. ആദ്യം കാട്ടിലെ തടി മോഷണമായിട്ടു നടന്ന അയാൾ ഇന്ന് ഈ നാട് മൊത്തം കൈയിലാക്കി. കാട്ടിലെ തടി ഇപ്പോഴും വെട്ടി തമിഴ്നാട്ടിലോട്ട് കടത്തും. ഫോറസ്റ്റും പോലീസും എല്ലാം അയാളുടെ ഒപ്പമേ നിൽക്കൂ. ഇവിടെ അയാൾ പറയുന്നതാണ് നിയമം."
അയാൾ തുടർന്നു: "അയാൾക്ക് തമിഴ്നാട്ടിലും കേരളത്തിലെ ടൗണിലും എല്ലാം ഹോൾസെയിൽ കടകളുണ്ട്. ഇങ്ങോട്ട് വരുന്ന സർക്കാരിന്റെ അരി പോലും അപ്പുറത്തെ ഗ്രാമത്തിൽ വെച്ച് തന്നെ അയാളുടെ ആൾക്കാർ അവരുടെ ഗോഡൗണിലേക്ക് മാറ്റും."
പറഞ്ഞു കഴിഞ്ഞപ്പോഴാണ് താൻ കുറേ അധികം സംസാരിച്ചു പോയെന്ന് കടക്കാരന് തോന്നിയത്. അയാളുടെ മുഖത്ത് ഭയം നിഴലിച്ചു.
"മോനെ, ഇത് നീ അറിഞ്ഞത് ഇരിക്കട്ടെ. ആരോടും പറയാൻ നിൽക്കണ്ട. അല്ല, പറഞ്ഞാലും ഒന്നുമില്ല. ഈ നാട്ടിലെ എല്ലാവർക്കും ഇതറിയാം. പക്ഷേ ആരും ഒന്നും ചെയ്യാൻ പോണില്ല. പോലീസും സർക്കാരും എല്ലാം അയാളുടെ കൂടെയാ. അന്ന് തന്റെ കൂട്ടുകാരനെ കൊണ്ടുപോയത് കണ്ടില്ലേ? അവനെ തല്ലിച്ചതച്ചത് പോലീസും അയാളുടെ ഗുണ്ടകളും കൂടെയല്ലേ? ആരും വായ തുറക്കില്ല..."
സ്റ്റാലിൻ സാധനം വാങ്ങി അവിടെ നിന്നും ഇറങ്ങി. വീട്ടിൽ എത്തും വരെ അവൻ ചിന്തയിലായിരുന്നു. വ്യക്തമായ രാഷ്ട്രീയമുള്ള, നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന ഒരു വ്യക്തിയായിരുന്നു സ്റ്റാലിൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന അവന് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലായിരുന്നു.
അന്ന് രാത്രിയാണ് ദിവസങ്ങൾക്ക് ശേഷം ആ വീട്ടിൽ അടുപ്പ് പുകഞ്ഞത്. അമ്മയോട് സ്റ്റാലിൻ ചെട്ടിയാരെപ്പറ്റി ചോദിച്ചു. ആ പേര് കേട്ടപ്പോൾ തന്നെ അമ്മയുടെ മുഖം വിവർണ്ണമായി.
"ആ കാട്ടാളനെപ്പറ്റി പറയാൻ എനിക്ക് അറപ്പാണ് മോനെ. ഈ നാട് ഇങ്ങനെ ആക്കിയത് അയാളാണ്. കാട്ടിലെ കഞ്ചാവ് തോട്ടത്തിൽ ഈ നാട്ടിലെ യുവാക്കളെ വെച്ച് പണിയെടുപ്പിച്ചു അവരെ ലഹരിക്ക് അടിമകളാക്കും. ഒരിക്കൽ സ്ഥലം വേണമെന്ന് പറഞ്ഞ് അയാൾ ഇവിടെ വന്നിരുന്നു. ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാലുവിന്റെ അച്ഛൻ ഇല്ലെന്ന് പറഞ്ഞിട്ടും അയാൾ അകത്തു കയറി ഇരുന്നു. സംസാരം അതിരുവിട്ടപ്പോൾ ഞാൻ ഇറങ്ങാൻ പറഞ്ഞു. അയാൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ഞാൻ വെട്ടുകത്തി എടുത്തു അലറി. അപ്പോൾ അയാൾ ഇറങ്ങി പോയി."
അമ്മ കണ്ണീരോടെ തുടർന്നു: "ഇവരുടെ അച്ഛൻ വന്നപ്പോൾ ഞാൻ ഇത് പറഞ്ഞു. അന്ന് ആ ദേഷ്യത്തിൽ അയാളെ കാണാൻ പോയതാ... പിറ്റേന്ന് കാട്ടിൽ മരിച്ചു കിടക്കുന്നതാ കണ്ടത്. പോലീസും ഫോറസ്റ്റും പറഞ്ഞു പന്നി കുത്തിയതാണെന്ന്. പക്ഷേ അത് ആ നരാധമൻ ചെയ്തതാണെന്ന് എനിക്കറിയാം."
പിറ്റേന്ന് രാവിലെ സ്റ്റാലിൻ വീണ്ടും ചായക്കടയിൽ എത്തി. കടക്കാരൻ ചായ എടുത്തു കൊടുത്തു.
"ബാലുവിന് എങ്ങനെയുണ്ട്?" കടക്കാരൻ ചോദിച്ചു.
"കുഴപ്പമില്ല, കുറവുണ്ട്," സ്റ്റാലിൻ പറഞ്ഞു.
ചായ കുടിക്കുന്നതിനിടെ അവൻ ചെട്ടിയാരെപ്പറ്റി തിരക്കി. ആ പേര് കേട്ടതും കടയിലുണ്ടായിരുന്ന എല്ലാവരും അവനെ രൂക്ഷമായി നോക്കി. ഗ്ലാസ് കഴുകിക്കൊണ്ടിരുന്ന കടക്കാരൻ അത് നിർത്തി.
"അയാൾ ഇവിടുത്തെ ഒരു വലിയ പണക്കാരനാണ്. മോൻ വേഗം ചായ കുടിച്ചിട്ട് പോകാൻ നോക്ക്," കടക്കാരൻ ഭയത്തോടെ പറഞ്ഞു. "കൂടുതൽ ചോദിക്കണ്ട."
അതു കേട്ട് അവിടെ ഇരുന്ന ഒരാൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്റ്റാലിൻ ചായ കുടിച്ചു കാശും കൊടുത്തു ഇറങ്ങി. ആ നാടൊക്കെ ഒന്ന് കാണാം എന്ന് കരുതി നടന്നു. പ്രധാന ഉദ്ദേശം ചെട്ടിയാരെപ്പറ്റി കൂടുതൽ അറിയാനായിരുന്നു. പെട്ടെന്ന് പുറകിൽ നിന്നും ഒരാൾ തോളിൽ തട്ടി.
തിരിഞ്ഞു നോക്കിയപ്പോൾ മധ്യവയസ്കനായ ഒരാൾ. ഖദർ ജുബ്ബയാണ് വേഷം.
"താൻ ഏതാ...?" അയാൾ ചോദിച്ചു.
ചെട്ടിയാരുടെ ആളാകും എന്ന് കരുതി സ്റ്റാലിൻ ജാഗ്രതയോടെ നിന്നു.
"ഞാൻ ഇവിടെ സുഹൃത്തിനെ കാണാൻ വന്നതാ."
"ഏത് സുഹൃത്ത്?"
"ബാലു... മരിച്ചുപോയ രാജന്റെ മകനാണ്. കാടിന്റെ അടുത്തുള്ള വീട്ടിൽ."
അയാളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
"മനസ്സിലായി. എന്തിനാ ചെട്ടിയാരെപ്പറ്റി കടയിൽ അന്വേഷിച്ചത്?"
"ഒന്ന് അറിയാൻ..."
"ഞാൻ രാഘവൻ മാസ്റ്റർ. ഈ നാട്ടിൽ ഉള്ളതാ. ചെട്ടിയാരെപ്പറ്റി അറിയുമ്പോൾ അതിനൊത്ത വീര്യം വേണം, ചങ്കുറപ്പും."
"ഇത് രണ്ടും ഉണ്ട്," സ്റ്റാലിൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
"എന്നാൽ വാ..."
അദ്ദേഹം സ്റ്റാലിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ ആ നാടിനെപ്പറ്റിയും ആൾക്കാരെ പറ്റിയും എല്ലാം പറഞ്ഞു. പണ്ട് സ്കൂളിൽ പഠിപ്പിക്കാൻ വന്ന അദ്ദേഹം പിന്നീട് ഈ നാട്ടുകാരനായി മാറുകയായിരുന്നു.
വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് നിറയെ പുസ്തകങ്ങളും ഫോട്ടോകളും. കാൾ മാർക്സ്, എംഗൽസ്, ലെനിൻ, പെരിയാർ, അംബേദ്കർ... പിന്നെ ജോസഫ് സ്റ്റാലിനും.
തന്റെ പേര് കേട്ടപ്പോൾ ഇദ്ദേഹത്തെ ഓർമ്മവന്നു,രാഘവൻ മാസ്റ്റർ ആവേശത്തോടെ സ്റ്റാലിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി.
"എന്റെ വലിയച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. അദ്ദേഹമാണ് എനിക്ക് ഈ പേരിട്ടത്," സ്റ്റാലിൻ പറഞ്ഞു. ഒരേ ആശയത്തിൽ വിശ്വസിക്കുന്നവർ തമ്മിലുള്ള ഒരു ആത്മബന്ധം അവിടെ ഉടലെടുത്തു.
രാഘവൻ മാസ്റ്റർ ചെട്ടിയാരുടെ സാമ്രാജ്യത്തെക്കുറിച്ച് വിവരിച്ചു കൊടുത്തു. കാട്ടിലെയും നാട്ടിലെയും അയാളുടെ കളികൾ, ജനങ്ങളെ അടിച്ചമർത്തുന്ന രീതികൾ... ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ ആത്മസംഘർഷത്തിലായിരുന്നു മാസ്റ്റർ.
"ഞാൻ പലപ്പോഴും ശ്രമിച്ചു നോക്കി സ്റ്റാലിനെ... പക്ഷേ എന്റെ കാല് തല്ലിയൊടിക്കുകയാണ് അവർ ചെയ്തത്."
അടുത്ത ദിവസങ്ങളിൽ സ്റ്റാലിൻ മാസ്റ്ററുടെ സഹായത്തോടെ കാടിന്റെ വഴികൾ പഠിച്ചു. കാടിനുള്ളിൽ ചെട്ടിയാരുടെ ആളുകൾ മരം മുറിക്കുന്നതും, നാട്ടിലെ യുവാക്കളെ ഉപയോഗിച്ച് ലഹരി കടത്തുന്നതും അവൻ നേരിട്ട് കണ്ടു. അധികാരികൾ ആരും ആ വഴി വരില്ല.
എല്ലാ തെളിവുകളും മനസ്സിലാക്കിയ ശേഷം, പിറ്റേന്ന് രാവിലെ സ്റ്റാലിൻ പോലീസ് സ്റ്റേഷനിലെത്തി.
"പരാതി കൊടുക്കാൻ വന്നതാണ്," സ്റ്റേഷനിലെ പോലീസുകാരനോട് പറഞ്ഞു.
"അകത്തേക്ക് ചെല്ല്," അവഗണനയോടെ അയാൾ പറഞ്ഞു.
അകത്തിരുന്ന പോലീസുകാരനോട് സ്റ്റാലിൻ പറഞ്ഞു, "സർ, എനിക്ക് ഒരു പരാതി നൽകാനുണ്ട്.
എന്താ പരാതി?
ഒന്ന് - സർക്കാർ നിയമങ്ങളെ ലംഘിച്ചു കൊണ്ട് നാട്ടിലെ സ്ഥലങ്ങൾ കയ്യേറുന്നു. രണ്ട് - കാടിനുള്ളിൽ വ്യാപകമായി മരങ്ങൾ വെട്ടി കടത്തുന്നു.
മൂന്ന് - ലഹരി മാഫിയ.
നാല് - റേഷൻ അരി മോഷണം."
ഇതെല്ലാം കേട്ട പോലീസുകാർ ഒന്ന് സ്തംഭിച്ചു. ഇന്നേവരെ ആരും ആ സ്റ്റേഷനിൽ വന്ന് ചെട്ടിയാർക്കെതിരെ മിണ്ടിയിട്ടില്ല.
"ഇതൊക്കെ ആരു ചെയ്തെന്നാ?"
"വീരപ്പൻ ചെട്ടിയാർ," സ്റ്റാലിൻ പറഞ്ഞു.
പെട്ടെന്ന് എസ്.ഐ പാണ്ടിമുത്തു ഇത് കേട്ട് ക്യാബിനിൽ നിന്നും ഇറങ്ങി വന്നു.
"നീ ഏതാടാ?" എസ്.ഐ ചോദിച്ചു.
"ഞാൻ സ്റ്റാലിൻ. ."
"നിന്റെ സ്ഥലം ഇവിടെ ആണോ?"
"അല്ല."
"അപ്പൊ പിന്നെ നീ എന്തിനാടാ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ അന്വേഷിക്കുന്നത്?"
"ഒരു ഇന്ത്യൻ പൗരൻ അല്ലെ സാറേ, എനിക്ക് അതിനുള്ള അവകാശമുണ്ട്." സ്റ്റാലിൻ വിട്ടുകൊടുക്കാതെ ധീരമായി മറുപടി നൽകി.
എസ്.ഐ ക്ക് ദേഷ്യം വന്നു.
"നിന്റെ പരാതി ഇവിടെ എടുക്കില്ല. ഇറങ്ങി പോടാ..."
സ്റ്റാലിൻ ഭയന്നില്ല. "ഇതൊരു പോലീസ് സ്റ്റേഷൻ താനല്ലേ? ഞാൻ ഇവിടെ വന്നിട്ടുണ്ടെങ്കിൽ പരാതി തന്നിട്ടേ പോകൂ."
"എന്നാൽ അതൊന്ന് കാണണം..."
എസ്.ഐ സ്റ്റാലിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷന് വെളിയിലേക്ക് തള്ളി.
"ഇനി നിന്നെ ഈ നാട്ടിൽ കണ്ടാൽ തല്ലിക്കൊല്ലും ഞാൻ..." അയാൾ അലറി.
വീണടത്തു നിന്നും എഴുന്നേറ്റ് പൊടി തട്ടി സ്റ്റാലിൻ പറഞ്ഞു:
"സർ നിങ്ങൾ ആർക്കുവേണ്ടിയാണു പണിയെടുക്കുന്നതെന്ന് ഈ ലോകം അറിയും. ഇത്രയും പരാതി മാത്രമല്ല, ഒരു ചെറുപ്പക്കാരനെ തല്ലിച്ചതച്ചു കവലയിൽ ഇട്ടില്ലേ... അതും കൂടെ ചേർത്തു കൊടുക്കേണ്ടടത്തു ഞാൻ കൊടുത്തോളാം."
അതും പറഞ്ഞു സ്റ്റാലിൻ അവിടെനിന്നും പോയി. ദേഷ്യം കൊണ്ട് എസ്.ഐ വിറച്ചു.
സ്റ്റാലിൻ നേരെ രാഘവൻ മാസ്റ്ററെ കണ്ട് കാര്യങ്ങൾ പറഞ്ഞു.
"നമുക്ക് നോക്കാം, നീ സമാധാനമായി ഇരിക്ക്. പക്ഷേ ഒന്ന് സൂക്ഷിച്ചോ, ഇനി എന്തും നടക്കാം," മാസ്റ്റർ മുന്നറിയിപ്പ് നൽകി.
പക്ഷേ വിധി മറ്റൊന്നായിരുന്നു.
അന്ന് സന്ധ്യയ്ക്ക് രണ്ട് ജീപ്പുകൾ പാഞ്ഞു വന്ന് ബാലുവിന്റെ വീട്ടുമുറ്റത്ത് നിന്നു. ആദ്യത്തെ ജീപ്പിൽ നിന്നും എസ്.ഐ പാണ്ടിമുത്തുവും പോലീസുകാരും ഇറങ്ങി. രണ്ടാമത്തെ ജീപ്പിൽ നിറയെ ചെട്ടിയാരുടെ ഗുണ്ടകളായിരുന്നു.
വാതിലിൽ മുട്ടി. "ആരാണ്?" അമ്മ ചോദിച്ചു.
"പോലീസാണ്, വാതിൽ തുറക്ക്," എസ്.ഐ ആജ്ഞാപിച്ചു.
അമ്മ വാതിൽ തുറന്നതും അവർ ഇരച്ചുകയറി.
"നിന്റെ മകന്റെ ആ കൂട്ടുകാരൻ എവിടെ?" എസ്.ഐ അലറി. വീട് മൊത്തം അരിച്ചുപെറുക്കി.
ഉറങ്ങിക്കിടന്ന ബാലുവിനെ അവർ വലിച്ചു താഴെയിട്ടു.
"നിനക്ക് കിട്ടിയത് പോരാഞ്ഞിട്ട് ഒരുത്തനെ കൂടെ വിളിച്ചുകൊണ്ട് വന്നിരിക്കുന്നോടാ?" എന്ന് ചോദിച്ചു അവർ അവനെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.
തടയാൻ വന്ന അമ്മയെ ഗുണ്ടകളിലൊരാൾ പിടിച്ചുതള്ളി. തല ഭിത്തിയിൽ ഇടിച്ച് അവർ താഴെ വീണു. ബാലുവിന്റെ പെങ്ങളെ അവർ അടിച്ചു വീഴ്ത്തി, ബോധം പോകുന്നത് വരെ വയറ്റിൽ ചവിട്ടി.
രക്തത്തിൽ കുളിച്ചു കിടക്കുന്ന ബാലുവിനെയും കുടുംബത്തെയും നോക്കി എസ്.ഐ ചിരിച്ചു.
"ഞങ്ങൾ ഇവനെ എടുത്തോളാം..."
പക്ഷേ ഗുണ്ടകളുടെ തലവൻ പറഞ്ഞു, "വേണ്ട സാറേ... തെളിവ് ബാക്കി വെക്കണ്ട. ചേട്ടിയാർക്ക് ഈ സ്ഥലത്ത് ഒരു കണ്ണ് ഒള്ളതാ”
അവർ ആ വീടിന് ചുറ്റും മണ്ണെണ്ണ ഒഴിച്ചു. പിന്നെ ഒരു തീപ്പന്തം അതിലേക്ക് എറിഞ്ഞു. നിമിഷങ്ങൾക്കകം വീട് ആളിക്കത്തി.
ആ സമയം രാഘവൻ മാസ്റ്ററുടെ വീട്ടിൽ നിന്നും മടങ്ങി വരികയായിരുന്ന സ്റ്റാലിൻ കുന്നിന്റെ മുകളിൽ ആ വലിയ വെളിച്ചം കണ്ടു. അവൻ സർവ്വ ശക്തിയുമെടുത്ത് ഓടി.
അവൻ എത്തുമ്പോഴേക്കും വീട് ഒരു അഗ്നിഗോളമായി മാറിയിരുന്നു. അകത്തുനിന്നും ബാലുവിന്റെയും അമ്മയുടെയും നിലവിളി ഉയരുന്നുണ്ടായിരുന്നു.
"ബാലൂ...!!"
സ്റ്റാലിൻ തീയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. പക്ഷേ അവിടെ നിന്ന ഗുണ്ടകൾ അവനെ തടഞ്ഞു.
"വിടടാ എന്നെ..." അവൻ അലറി.
രണ്ടുപേരെ അവൻ അടിച്ചു വീഴ്ത്തിയെങ്കിലും, പിന്നിൽ നിന്നും ഒരാൾ ഇരുമ്പ് ദണ്ഡ് കൊണ്ട് അവന്റെ തലയ്ക്കടിച്ചു.
കണ്ണുകളിൽ ഇരുട്ട് കയറുന്നതിന് മുൻപ് സ്റ്റാലിൻ കണ്ടത്, ആളിപ്പടരുന്ന തീയിൽ വെന്തുരുകുന്ന തന്റെ സുഹൃത്തിന്റെ വീടാണ്.
അബോധാവസ്ഥയിൽ അവനെ അവർ ജീപ്പിലേക്ക് വലിച്ചെറിഞ്ഞു.
ആ ജീപ്പ് നേരെ പോയത് കാടിനുള്ളിലേക്കാണ്... മരണത്തിന്റെ ഗർത്തത്തിലേക്ക്.
തുടരും.....
🖋️മണക്കാടൻ
Comments
Post a Comment