വായിച്ചു വളരാം...
വായനയെ വളർത്താനായി സ്വജീവിതം മാറ്റിവച്ച പി. എൻ. പണിക്കർ.
വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക...കേരളം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ആശയങ്ങളാണിവ. ഇവ സാംസ്കാരിക കേരളത്തിനു സംഭാവനചെയ്ത വ്യക്തിയാണ് പി.എൻ. പണിക്കർ- പുസ്തകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി, വായനയിലൂടെ അറിവിന്റെ വിപ്ലവം സ്വപ്നംകണ്ട വ്യക്തി.പുരോഗതിയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ നിർണായക സംഭാവനകൾ നൽകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ്.1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ജനനം. അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്നു. പതിനാലോളം കൃതികൾ അദ്ദേഹം രചിച്ചു. പുരോഗതിയും ബോധവത്‌കരണവും, ജനങ്ങൾക്ക് പഠിക്കണം, വീട്ടമ്മമാർക്കൊരു പുസ്‌തകം, തുടങ്ങിയവ അതിൽപ്പെടും.
പരുക്കൻ ഖദർ ഷർട്ടും മുണ്ടും തോളിൽ ഷാളുമായി കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച് പച്ചവെള്ളം കുടിച്ചും കാൽനടയായും ഗ്രാമങ്ങളിൽ സഞ്ചരിച്ച് വായിക്കാനും വായിച്ചു വളരാനും ജനങ്ങളെ പ്രേരിപ്പിച്ച അദ്ദേഹം, കേരളത്തിലെ അയ്യായിരത്തിൽപ്പരം ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലെ പ്രേരകശക്തിയാണ്.
സ്വന്തമായി കെട്ടിമില്ലാതിരുന്ന പല ഗ്രന്ഥശാലകൾക്കും ഉദാരമതികളിൽ നിന്നും സ്‌ഥലവും കെട്ടിടവും അദ്ദേഹം സംഭാവനയായി ചോദിച്ചുവാങ്ങി. ഗ്രന്ഥശാലാ സംഘങ്ങൾക്കുള്ള ഗ്രാന്റ് വർധിപ്പിച്ചു. പുസ്‌തകങ്ങൾ വിലകൊടുത്തും സംഭാവനയായും സമാഹരിച്ച് ഓരോ ഗ്രന്ഥശാലയും പുസ്‌തകസംപുഷ്‌ടമാക്കി. കേരളപ്പിറവിയോടെ സംഘത്തിന്റെ പേര് കേരള ഗ്രന്ഥശാലാ സംഘമെന്നായി.
ഗ്രന്ഥശാലകളില്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുതെന്നു പി.എൻ. പണിക്കർ ആഗ്രഹിച്ചു. കോട്ടയം ജില്ലയിൽ തുടങ്ങി ആലപ്പുഴയിലൂടെ കൊച്ചിയിലൂടെ കേരളമൊട്ടാകെ പണിക്കർ യാത്രചെയ്തു: വായനയുടെ വിശുദ്ധസന്ദേശം വ്യാപിപ്പിച്ചുകൊണ്ട്. വായനയിലൂടെ, വായനശാലയിലൂടെ ജനങ്ങൾ പഠിക്കട്ടെ ഇതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1995 ജൂൺ 19ന് പി.എൻ. പണിക്കർ നിര്യാതനായി.ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ അദ്ദേഹത്തിന്റെ ചരമദിനമാണ് ജൂൺ 19 - വായനാദിനം.
മണക്കാടൻ
❤️❤❤❤
ReplyDelete